അർധരാത്രിയില്‍ ജെസിബിയുമായെത്തി വീടിന്‍റെ മതിലും ഗേറ്റും തകർത്ത് സിപിഎം സംഘം; കൂത്തുപറമ്പ് പോലീസില്‍ പരാതി

Jaihind Webdesk
Thursday, May 23, 2024

 

കണ്ണൂർ: റോഡിന് ഉദ്ദേശിച്ച അത്ര സ്ഥലം കൊടുത്തില്ല എന്നാരോപിച്ച് അർധരാത്രി മണ്ണുമാന്തി യന്ത്രവുമായി എത്തി വീട്ടുമതിലും ഗേറ്റും സിപിഎം പ്രവർത്തകർ തകർത്തതായി പരാതി. കണ്ണൂർ മാങ്ങാട്ടിടം കുളിക്കടവിലെ തഫ്സീല മൻസിലിൽ പി.കെ. ഹാജിറയുടെ വീട്ടുമതിലും ഗേറ്റും തകർത്തതായാണ് പരാതി. കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മട്ടന്നൂർ മുനിസിപ്പാലിറ്റിയും മാങ്ങാട്ടിടം പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന കുളിക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന്‍റെ ഭാഗമായി ഹാജിറയുടെ വീടിന്‍റെ മുൻവശത്ത് റോഡ് നവീകരിക്കുന്നുണ്ട്. ആവശ്യമായ സ്‌ഥലം റോഡിന് വിട്ടുനൽകിയാണ് വീട്ടുമതിൽ നിർമ്മിച്ചത്. എന്നാൽ വീണ്ടും സ്‌ഥലം വിട്ട് തരണമെന്ന് ആവശ്യമുയർന്നപ്പോൾ വേണ്ടത്ര സ്ഥലം ഉള്ളപ്പോൾ പുതുതായി നിർമ്മിച്ച മതിലും ഗേറ്റും പൊളിച്ച് മാറ്റാൻ കഴിയില്ല എന്ന് ഇവർ വ്യക്തമാക്കി. ഇതേത്തുടർന്ന് ഒരാഴ്ച‌ മുമ്പ് ഒരു സംഘം സിപിഎം പ്രവർത്തകർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സിപിഎം സംഘം മതിൽ പൊളിച്ചതെന്ന് ഹാജിറ പറയുന്നു.

ചൊവ്വാഴ്‌ച അർധരാത്രി 12.45-ഓടെയാണ് വീട്ടുമതിലും ഗേറ്റും തകർത്തത്. തുടർന്ന് കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷനിൽ ഹാജിറ പരാതി നൽകി. മതിൽ പൊളിക്കുന്ന സമയത്ത് വീട്ടിലുള്ളവർ പുറത്ത് ഇറങ്ങാതിരിക്കാൻ വീടിന് മുന്നിലെ ഗ്രില്‍ വാതില്‍ പൂട്ടിയതായും ആക്ഷേപമുണ്ട്. ശബ്ദം കേട്ട് പുറത്തിറങ്ങാൻ നോക്കിയപ്പോൾ മണ്ണുമാന്തി യന്ത്രവുമായി സംഘം രക്ഷപ്പെട്ടു. ഏറെ പണിപ്പെട്ട് ഗ്രിൽസ് തുറന്നതിനു ശേഷമാണ് മതിലും ഗേറ്റും തകർന്നുവീണതായി കണ്ടത്. അതിക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.