പരസ്യമാകുന്ന ‘രഹസ്യ ബന്ധം’ ; ഇരിട്ടിയില്‍ ആര്‍.എസ്.എസ് നേതാവിന്‍റെ പാരലല്‍ കോളേജിന് സി.പി.എമ്മിന്‍റെ സഹായം

 

കണ്ണൂർ : ഇരിട്ടിയിൽ ആർ.എസ്.എസ് നേതാവിന്‍റെ സമാന്തര കോളേജിന്‌ സി.പി.എം ഭരിക്കുന്ന നഗരസഭ രഹസ്യസഹായം നൽകിയത് വിവാദത്തിൽ. ആർ.എസ്‌.എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ഇരിട്ടി പ്രഗതി കോളേജിന്‌ ലഭിച്ച എം.പി ഫണ്ട്‌ ഉപയോഗപ്പെടുത്താൻ സി.പി.എം ഭരിക്കുന്ന നഗരസഭ ഒത്താശ ചെയ്ത സംഭവമാണ് സി.പി.എമ്മിന് അകത്തും പുറത്തും വിവാദത്തിന് കാരണമായിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇരിട്ടി നഗരസഭാ ചെയർമാനും സി.പി.എം ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവുമായ പി.പി അശോകനെതിരെ പാർട്ടി നടപടിക്ക് സാധ്യത.

കണ്ണൂർ ഇരിട്ടിയിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളേജിന് ശൗചാലയം നിർമിക്കാൻ സുരേഷ് ഗോപി എം.പിയുടെ ഫണ്ടിൽനിന്ന് 11,55,000 രൂപ അനുവദിച്ചിരുന്നു. പാരലൽ കോളേജായതിനാൽ നിയമപരമായി എം.പി ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ വന്നതോടെ പ്രഗതി കോളേജ് ഇരിട്ടി നഗരസഭാ സെക്രട്ടറിയുടെ പേരിൽ രണ്ട് സെന്‍റ് സ്ഥലം രജിസ്റ്റർ ചെയ്ത്‌ നൽകി. നഗരസഭയുടെ സ്ഥലത്ത് പണം അനുവദിക്കുന്നതിന് തടസമില്ലെന്ന് കണ്ടാണ് ഇങ്ങനെ ചെയ്തത്.
പാർട്ടി അറിയാതെ ചെയർമാൻ ആർ.എസ്.എസ് നേതാവുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ പേരിലാണ് ഇങ്ങനെയൊരു ഭൂമി കൈമാറ്റം നടന്നതെന്ന വിമർശനമാണ് ആദ്യം ഉയർന്നത്. ഇത് സി.പി.എമ്മിന് അകത്ത് ചർച്ചയായി.

ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി അശോകൻ പാർട്ടിയറിയാതെ ആർ.എസ്.എസ് നേതാവിന്‍റെ സ്ഥാപനത്തിന് വഴിവിട്ട് സഹായം ചെയ്തതായി പാർട്ടിക്കുള്ളിൽ വിമർശനവും ഉയർന്നു. വിഷയം ജില്ലാ സെക്രട്ടറിയുടെ അടുത്ത് എത്തുകയും ചെയ്തു. ഏരിയാ കമ്മിറ്റിക്ക്‌ കീഴിലെ പ്രാദേശിക ഘടകം ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്‌ കത്തയച്ചു. നഗരസഭാ സെക്രട്ടറിയുടെ പേരിൽ സ്ഥലം അനുവദിക്കുമ്പോൾ ചെയർമാൻ അറിയേണ്ടെന്നും തുടർ നടപടികൾക്കായി ഭരണസമിതിക്ക് മുമ്പാകെയെത്തിയപ്പോൾ എതിർത്തെന്നുമാണ് ചെയർമാന്‍റെ വിശദീകരണം. എന്നാൽ വിഷയം പാർട്ടിയുടെ നഗരസഭാ സബ് കമ്മിറ്റിയിൽ ചർച്ചയ്ക്ക് വന്നില്ല. വിഷയം ചർച്ച ചെയ്യാൻ ഈ മാസം ആറിന്ഏരിയാ കമ്മിറ്റി യോഗം ചേരും. അതിനിടെ പി.പി അശോകൻ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.

Comments (0)
Add Comment