
കെ കെ ശൈലജ ഉള്‍പ്പെടെ ഉള്ളവരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വലിയ തര്‍ക്കങ്ങളും ചേരിപ്പോരും തുടരുന്നതിനിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. കെ കെ ശൈലജയെ അഞ്ചാം തവണയും മത്സരിപ്പിക്കുന്നതിലാണ് കടുത്ത തര്‍ക്കം പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്നത്. കെ കെ ശൈലജയെ വെട്ടാനുറച്ച് സംസ്ഥാന നേതൃത്വം കരുക്കള്‍ ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് യോഗം.
സ്ഥാനാര്‍ത്ഥിത്വത്തില്‍ ഏറെ തര്‍ക്കം തുടരുന്നത് കണ്ണൂരിലാണ്. മറ്റ് ജില്ലാ ഘടകങ്ങള്‍ നല്‍കിയിരിക്കുന്ന പേരുകളില്‍ കൂടുതല്‍ ചര്‍ച്ച നടത്തി ഇന്ന് ഏകദേശ ധാരണ ഉണ്ടാക്കും. സംസ്ഥാന നേതൃത്വത്തിന് താല്പര്യം ഇല്ലാത്ത പേരുകള്‍ ഒഴിവാക്കി പുതിയത് നല്‍കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കും. അതിനുശേഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്നാകും അന്തിമ പട്ടിക തയ്യാറാക്കുക. ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റും ജനതാദളിന്റെ കോവളം സീറ്റും ഏറ്റെടുക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.