ശബരിമല സ്ത്രീപ്രവേശനം: നുണപ്രചാരണവുമായി CPM

B.S. Shiju
Wednesday, October 24, 2018

സി.പി.എം പുറത്തിറക്കിയ നോട്ടീസ്

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നതോടെ ഇതിന് പിന്തുണ നൽകി സി.പി.എം സംസ്ഥാന വ്യാപകമായി നുണപ്രചാരണത്തിന് തുടക്കമിട്ടു. സംസ്ഥാനത്തെ ഒാരോ വീടുകളും കയറിയിറങ്ങി സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിന് പിന്തുണ തേടുന്നതിനൊപ്പമാണ് വിധി വരുന്നതിന് അടിസ്ഥാനമായി ഇടതുസർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തെപ്പറ്റി നുണപ്രചാരണം അഴിച്ചു വിടുന്നത്.
‘ശബരിമല സ്ത്രീപ്രവേശനം: വിശ്വാസവും അവിശ്വാസവും കോടതിയും’ എന്ന തലക്കെട്ടോടെ സി.പി.എം പുറത്തിറക്കിയിട്ടുള്ള നോട്ടീസിലാണ് ആടിനെ പട്ടിയാക്കുന്ന പതിവു രീതി സി.പി.എം പിന്തുടരുന്നത്. സത്യവാങ്മൂലം സംബന്ധിച്ച് നോട്ടീസിൽ അക്കമിട്ട് നിരത്തിയിട്ടുള്ള ഏഴ് കാര്യങ്ങളിൽ പലതും വസ്തുതാപരമല്ലെന്നാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്.

ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുന്ന കോടതിരേഖ

വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിലപാട് ആരാഞ്ഞപ്പോൾ, കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിലെത്തി പ്രാർഥന നടത്താമെന്നായിരുന്നു ഗുപ്തയുടെ നിലപാട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് നൽകിയ സത്യവാങ്മൂലം പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. 2007ലെ വി.എസ് സർക്കാരിന്‍റെ കാലത്ത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ നിലവിലെ പിണറായി സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യം മറച്ചുവെച്ച് കടുത്ത നുണപ്രചാരണമാണ് നോട്ടീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സി.പി.എം പുറത്തിറക്കിയ നോട്ടീല്‍നിന്നുള്ള ഭാഗം

ഇതിനുപുറമേ സ്ത്രീപ്രവേശന വിഷയത്തിൽ ഹിന്ദുധർമത്തിൽ ആധികാരിക പരിജ്ഞാനമുള്ളവരുടെ കമ്മീഷൻ രൂപീകരിക്കാമെന്ന വാദമുയർത്തിയതായും നോട്ടീസിൽ പറയുന്നു. എന്നാൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കണമെന്ന വി.എസ് സർക്കാരിന്‍റെ കാലത്തെ സത്യവാങ്മൂലം നിലനിർത്തണമെന്ന് ശക്തമായ വാദം ഉയർത്തിയ സർക്കാർ തന്നെ സ്ത്രീപ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ കമ്മീഷനെ വെക്കണമെന്ന നിർദേശം കോടതിയിൽ സമർപ്പിച്ചുവെന്ന വാദവും വിചിത്രമാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ലെന്ന് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി സർക്കാർ ഇത്തരമൊരു വാദം ഉന്നയിച്ചാൽ അത് സ്വന്തം സത്യവാങ്മൂലത്തിനെതിരാകുമെന്നതാണ് വസ്തുത. ഇതെല്ലാം മറച്ചുവെച്ചാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോട്ടീസിലൂടെയുള്ള നുണപ്രചാരണം സി.പി.എം തുടങ്ങിയിട്ടുള്ളത്.

2007ലെ വി.എസ് സർക്കാരിന്‍റെ കാലത്ത് നൽകിയ സത്യവാങ്മൂലം ശബരിമലയിലെ ആചാരങ്ങൾക്ക് എതിരാകുമെന്ന വസ്തുത മനസിലാക്കിയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ സത്യവാങ്മൂലം നൽകിയത്. ഇതിൽ പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും അതാണ് ആചാരമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുംപിടുത്തം സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയതോടെയാണ് സംസ്ഥാനവ്യാപകമായി നുണപ്രചാരണ നോട്ടീസുമായി സി.പി.എം പ്രവർത്തകൾ വീട് കയറി പ്രചാരണം ആരംഭിച്ചിട്ടുള്ളത്. വിധിയുടെ നിർബന്ധപൂർവമുള്ള നടപ്പാക്കൽ തിരിച്ചടിയാകുമെന്ന സി.പി.എം വിലയിരുത്തലാണ് പ്രചാരണത്തിനു കാരണമായത്. ഒരേസമയം ഇരയ്‌ക്കൊപ്പം നലിൽക്കുയും വേട്ടക്കാർക്കൊപ്പം ഓടുകയും ചെയ്യുകയാണ് ശബരിമല യുവതീപ്രവേശത്തിൽ സി.പി.എം ചെയ്യുന്നതെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.