സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണം : അഡ്വ മാർട്ടിൻ ജോർജ്ജ്

Jaihind Webdesk
Tuesday, October 12, 2021

കണ്ണൂർ : സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജന്റെ വാഹനം ആക്രമിച്ചു എന്നതിൻറെ പേരിൽ കള്ളക്കേസ് ഉണ്ടാക്കി. എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി വെട്ടിക്കൊന്ന സംഭവം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിപിഎമ്മും,പി ജയരാജനും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ :മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു. ജയരാജന്റെ വാഹനം ആക്രമിച്ചു എന്ന് വ്യാജ കേസ് ഉണ്ടാക്കി പ്രതികൾ ചേർത്തവരെ വെറുതെ വിട്ട കോടതി വിധി സ്വാഗതാർഹമാണ്.

അരിയിൽ ഷുക്കൂറിനെ കൊല്ലാനായി സി പി എം സൃഷ്ടിച്ച വെറും കെട്ട് കഥയായിരുന്നു വാഹന ആക്രമണ കേസ് എന്നും, കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎം എത്ര ആസൂത്രിതമായിട്ടാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെയും തെളിവാണ് ഈ സംഭവം. ഒരു ഇരയെ കണ്ടു പിടിക്കാൻ കഥകൾ ഉണ്ടാക്കി അവരെ കൊലപ്പെടുത്തുന്ന സിപിഎം ശൈലിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി.

ആൾക്കൂട്ടത്തെ സാക്ഷിനിർത്തി ഒരു കുടുംബത്തിൻറെ അത്താണിയാകേണ്ട ചെറുപ്പക്കാരനെ കൊന്നുതള്ളിയ രാക്ഷസീയതക്ക് പി ജയരാജൻ പൊതു സമൂഹത്തോട് മാപ്പു പറഞ്ഞു ക്ഷമ ചോദിക്കണമെന്ന് അഡ്വ. മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു.