എ.കെ. ബാലന്റെ പ്രസ്താവനയില്‍ സി.പി.എമ്മില്‍ ഭിന്നത; മുഖ്യമന്ത്രി പിന്തുണക്കുമ്പോള്‍ തള്ളിപ്പറഞ്ഞ് എം.വി. ഗോവിന്ദന്‍

Jaihind News Bureau
Friday, January 9, 2026

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ. ബാലന്‍ നടത്തിയ വിവാദ പ്രസ്താവനയെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണമായും ന്യായീകരിച്ചപ്പോള്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അത് തള്ളിപ്പറഞ്ഞത് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുകൊണ്ടുവന്നു. ബാലന്റെ പ്രസ്താവന അസംബന്ധമാണെന്നും നിരുത്തരവാദപരമാണെന്നുമാണ് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്.

തിരുവനന്തപുരം, പാലക്കാട് ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ എ.കെ. ബാലനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വെച്ചാണ് എം.വി. ഗോവിന്ദന്‍ തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. ബാലന്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് കുറയുമെന്നും, പ്രത്യേക ചുമതലകളൊന്നുമില്ലാത്ത അദ്ദേഹം എന്തിനാണ് മാധ്യമങ്ങളെ കണ്ട് ഇത്തരം അബദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇത്തരം വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയിലും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ബാലന്റെ പ്രസ്താവനയെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുക മാത്രമാണ് ബാലന്‍ ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ടായ ഈ ഭിന്നത വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.