പള്ളിക്ക് നേരെ കല്ലെറിഞ്ഞത് കലാപമുണ്ടാക്കാനെന്ന് പോലീസ്

Jaihind Webdesk
Sunday, January 6, 2019

കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം പ്രവർത്തകർ പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ലഹളയുണ്ടാക്കാനെന്ന ഉദ്ദേശത്തോടെയെന്ന് പോലീസ്. ആക്രമണം ആസൂത്രിതമായിരുന്നെന്നും ഇതിന്‍റെ ഭാഗമായാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായതെന്നും എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുണ്ട്. ഇരുപതോളം സി.പി.എം-ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ആക്രമണത്തിൽ പങ്കെടുത്തെന്നും പോലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു.

എഫ്.ഐ.ആറിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

വ്യാഴാഴ്ച ഹർത്താൽ ദിവസം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു പേരാമ്പ്രയിൽ അക്രമ സംഭവങ്ങളുടെ തുടക്കം. യൂത്ത്‌കോൺഗ്രസ് പ്രകടനത്തിനെതിരെ ഡി.വൈ.എഫ്‌.ഐ-സി.പി.എം പ്രവർത്തകർ രംഗത്തെത്തിയതിനെ തുടർന്ന് പേരാമ്പ്ര വടകര റോഡ് ജംഗ്ഷന് സമീപം സംഘർഷം ഉടലെടുത്തു. ഇതിനിടയിലായിരുന്നു പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും മുൻ എസ്.എഫ്.ഐ ജില്ലാ നേതാവുമായ അതുൽ ദാസിനെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നതിനുള്ള 153 എ വകുപ്പ് ചുമത്തിയാണ് പോലീസ് റിമാന്‍ഡ് റിപ്പോർട്ട് കോടതിയിൽ നൽകിയത്. സ്ഥലത്ത് മതസ്പർദ്ധയുണ്ടാക്കി ഇരുവിഭാഗങ്ങൽ തമ്മിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടുംകൂടിയാണ് അക്രമികൾ സംഘം ചേർന്നതെന്നും, ഇതിന്‍റെ ഭാഗമായാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായതെന്നും എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുണ്ട്. ഡി.വൈ.എഫ്‌.ഐ മേഖലാ ഭാരവാഹി കൂടിയാണിയാൾ. അതുൽ ദാസിനെ കൂടാതെ കണ്ടാലറിയാവുന്ന ഇരുപതോളം പേരും കേസിൽ പ്രതിയാണ്.

സംഘർഷത്തിനിടെ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഒഫീസിന് നേരെയും ഡി.വൈ.എഫ്‌.ഐ-സി.പി.എം പ്രവർത്തകരുടെ ഭാഗത്തുനിന്നും കല്ലേറുണ്ടായി. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷമായിരുന്നു പോലീസ് അറസ്റ്റിലേക്ക് കടന്നത്. മുസ്ലീം ലീഗ് ഒഫീസിന് നേരെ എറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയിൽ പതിച്ചതാണെന്ന സി.പി.എം വാദവും പോലീസ് തള്ളി. നവോത്ഥാനത്തിനെന്ന പേരില്‍ സി.പി.എം നേതൃത്വത്തില്‍ വനിതാമതിൽ കെട്ടിപ്പടുത്തതിന്‍‌റെ 48 മണിക്കൂറിനുള്ളിലാണ് മതസ്പർദ്ധയുണ്ടാക്കി ലഹള ലക്ഷ്യമിട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പള്ളിക്കുനേരെ ആക്രമണം ഉണ്ടായതെന്നതാണ് ശ്രദ്ദേയം.