ഡിജിറ്റൽ വിദ്യാഭ്യാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; എതിര്‍ത്ത് പി.ബി

Jaihind News Bureau
Wednesday, June 3, 2020

 

ഡിജിറ്റൽ വിദ്യാഭ്യാസത്തെ എതിർത്ത് സിപിഎം പൊളിറ്റ് ബ്യൂറോ. ഡിജിറ്റൽ വിദ്യാഭ്യാസം അടിച്ചേൽപ്പിക്കുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുമെന്നും പി ബി. ഡിജിറ്റൽ വിദ്യാഭ്യാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തെ എതിർത്തുകൊണ്ട് സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡിന്‍റെ മറവില്‍ പാര്‍ലമന്‍റ് അംഗീകരിക്കാത്ത വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഡിജിറ്റല്‍ രംഗത്ത് വലിയ വിഭജനമാണ് നിലനില്‍ക്കുന്നത്. നിലവിൽ ഡിജിറ്റൽ വിദ്യാഭ്യാസം അടിച്ചേൽപ്പിക്കുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കും. നിലവിലെ സാഹചര്യത്തിൽ അക്കാദമിക് വർഷം തടസ്സപ്പെടാതിരിക്കാൻ ഡിജിറ്റൽ രീതികൾ ഉപയോഗിച്ചേക്കാം. എന്നാൽ ഓണ്‍ലൈന്‍ ക്ലാസുകൾ പരമ്പരാഗത വിദ്യാഭ്യാസ രീതിക്ക് പകരമാവില്ല എന്നും പി ബി വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാന സർക്കാർ ഡിജിറ്റൽ വിദ്യാഭ്യാസവുമായി മുന്നോട്ടു പോകുമ്പോഴും നിരവധി വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യമാണ്  നിലവിലുള്ളത്. സംസ്ഥാനത്തെ പിന്നാക്ക മേഖലകളിലെ വിദ്യാര്‍ത്ഥികളടക്കം ഡിജിറ്റല്‍ ഉപകരണങ്ങളുടെ അപര്യാപ്തതയെ തുടര്‍ന്ന് വലിയ ദുരിതമനുഭവിക്കുകയാണ്.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി സംസ്ഥാനത്ത്  ആത്മഹത്യ ചെയ്യുകയും ഉണ്ടായി.  മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി ദേവിക ആണ് മരിച്ചത്. സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നതിനിടെയാണ് പിബി നിലപാട് പുറത്തുവന്നത്.