‘ബിനോയ് വിശ്വത്തെപ്പോലൊരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്’; പ്രസ്താവന തിരുത്തണം; സിപിഐയെ വിമര്‍ശിച്ച നേതാവിനെ തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

Jaihind News Bureau
Wednesday, January 7, 2026

പാലക്കാട്: സിപിഐയെ ‘ഉത്തരം താങ്ങുന്ന പല്ലി’ എന്ന് പരിഹസിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. അജയകുമാറിന്റെ പ്രസ്താവന തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. സിപിഎം-സിപിഐ ബന്ധം സഹോദരതുല്യമാണെന്നും ബിനോയ് വിശ്വത്തെപ്പോലൊരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അജയകുമാര്‍ തന്റെ പ്രസ്താവന തിരുത്തണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയിലുണ്ടായ ആവേശം കൊണ്ട് പറഞ്ഞതാകാമെങ്കിലും അത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ല. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വളരെ ഊഷ്മളമാണെന്നും അതിനെ ബാധിക്കുന്ന പ്രസ്താവനകള്‍ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റപ്പാലത്തെ മണ്ണൂരില്‍ നടന്ന പൊതുയോഗത്തിലാണ് അജയകുമാര്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തലയില്‍ കെട്ടിവെക്കുന്ന സിപിഐ നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്ത് വെറും 5% വോട്ട് മാത്രമുള്ള സിപിഐക്ക് ഒരിടത്തും ഒറ്റയ്ക്ക് ജയിക്കാനാവില്ല. നാല് പ്രവര്‍ത്തകരുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന സിപിഐയുടെ കീഴിലുള്ള വകുപ്പുകള്‍ ‘പത്തരമാറ്റ് തങ്കം’ ആണോ എന്നും അദ്ദേഹം പരിഹസിച്ചു. മണ്ണൂരിലെ പ്രാദേശിക തലത്തില്‍ ദീര്‍ഘകാലമായി തുടരുന്ന സിപിഎം-സിപിഐ തര്‍ക്കമാണ് ഇപ്പോള്‍ പരസ്യമായ വാക്‌പോരിലേക്ക് നീങ്ങിയിരിക്കുന്നത്.