ധന്‍രാജ് ഫണ്ട് മുതല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ വരെ; കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി സി പി എം

Jaihind News Bureau
Saturday, January 24, 2026

സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലില്‍ സി പി എം പ്രതിരോധത്തില്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളില്‍ തിരിമറി നടത്തിയവരെ നേതൃത്യം സംരക്ഷിക്കുന്നുവെന്നാണ് കുഞ്ഞികൃഷ്ണന്‍് വെളിപ്പെടുത്തിയത്. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിക്കലില്‍ എത്തി നില്‍ക്കെ രക്തസാക്ഷി ഫണ്ട് വിവാദം സി പി എം അണികളിലും പൊതു സമൂഹത്തിലും ചര്‍ച്ചയാവുന്നതില്‍ പാര്‍ട്ടി നേതൃത്വം ആശങ്കയിലാണ്.

പയ്യന്നൂര്‍ എംഎല്‍എ ടി.ഐ മധുസൂദനനും സംഘവും പാര്‍ട്ടി രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞി കൃഷ്ണന്‍ നടത്തിയത്. സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും അടക്കമുള്ളവര്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്ക് വേണ്ടി നിലകൊള്ളുകയാണെന്നും കുഞ്ഞികൃഷ്ണന്‍ തുറന്നു പറയുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ഫണ്ട് പിരിക്കുന്നതില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ അടക്കം പങ്കാളികളാകുന്നതിന്റെ വിവരങ്ങളും കുഞ്ഞി കൃഷ്ണന്‍ വെളിപ്പെടുത്തുന്നുണ്ട്. വ്യാജ റെസീപ്റ്റ് നിര്‍മ്മിച്ച് പാര്‍ട്ടിയുടെ കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ പയ്യന്നൂര്‍ എം എല്‍ എ യായ മധുസൂദനന്‍ തട്ടിപ്പ് നടത്തി. സഹകരണ ജീവനക്കാരില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചിലവിലും ക്രമക്കേടുകള്‍ നടന്നുവെന്ന ഗുരുതര ആരോപണവും വി.കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്നുണ്ട്

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെ അദ്ദേഹത്തോട് എല്ലാം തുറന്നു പറഞ്ഞു. പിണറായിക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും വെളിപ്പെടുത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഈ വെളിപ്പെടുത്തലിന് മറുപടി പറയേണ്ട അവസ്ഥയാണുള്ളത്. ഇ പി ജയരാജന്റെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യം പാര്‍ട്ടി ഫോറത്തില്‍ ഉന്നയിച്ചിരുന്നതായും എന്നാല്‍ മറുപടി ഉണ്ടായില്ലെന്നു വി കുഞ്ഞികൃഷ്ണന്‍ പറയുന്നുണ്ട്.

ഇതോടെ പിണറായി വിജയന്‍ മുതല്‍ കണ്ണൂരിലെ ടി വി രാജേഷ് ഉള്‍പ്പടെയുള്ള നേതാക്കളാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലോടെ പ്രതികൂട്ടില്‍ ആയിരിക്കുന്നത്. പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്‍ തുറന്നു രക്തസാക്ഷി ഫണ്ട് വിവാദം സൂക്ഷിച്ച് കൈകാര്യ ചെയ്തില്ലെങ്കില്‍ കൈവിട്ട് പോകുമെന്ന ചിന്ത സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ഉണ്ട്. കുഞ്ഞികൃഷ്ണന്‍ നല്‍കിയ അഭിമുഖം തികച്ചും വാസ്തവ വിരുദ്ധമാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രസ്താവന ഇറക്കിയെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യായി മാറുന്ന തരത്തിലാണ് കുഞ്ഞികൃഷ്ണന്റെ പ്രവര്‍ത്തനമെന്ന രാഗേഷിന്റെ പ്രസ്താവന സിപിഎം എത്തി നില്‍ക്കുന്ന പ്രതിരോധത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നുണ്ട്.

പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്റെ പ്രതികരണം അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച വിമര്‍ശനത്തിന്റെ അലകള്‍ സി പി എമ്മിന്റെ പ്രതിരോധ കോട്ടയും ഭേദിക്കുന്നതാണെന്ന് വരും ദിവസങ്ങളില്‍ തെളിയും.