പോക്സോ പ്രതികളെ മോചിപ്പിക്കാന്‍ DYFI അക്രമം ; പ്രതികള്‍ക്കായി റെയ്ഡ് നടത്തിയ വനിത ഡിസിപിയ്ക്ക് സ്ഥലംമാറ്റം

Saturday, January 26, 2019

Chaitra-Teresa-John

പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ ആക്രമികളെ പിടികൂടാൻ സി പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത വനിത ഡി.സി.പി ചൈത്ര തെരേസ ജോണിനെ സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശപ്രകാരമാണ് നടപടി. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡി.സി.പിയോട് വിശദീകരണം ചോദിച്ചിരുന്നു.

ബുധനാഴ്ച്ച രാത്രിയാണ് പോക്സോ കേസിൽ അറസ്റ്റിലായ രണ്ട് ഡി.വൈ. എഫ്. ഐ പ്രവർത്തകരെ വിട്ടയക്കണമന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ മെഡിക്കൽ കോളേജ് പോലിസ് സ്റ്റേഷൻ ആക്രമിച്ചത്. പോക്സോ കേസുകളില്‍ പോലും പീഢകര്‍ക്ക് വേണ്ടി ഭരണപക്ഷം തന്നെ തെരുവില്‍ ഇറങ്ങുമ്പോള്‍ ഈ സര്‍ക്കാരും പാര്‍ട്ടിയും ഇരയ്ക്കൊപ്പമല്ല എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്.

കുട്ടികളെ പീഢിപ്പിച്ച് കേസില്‍ POCSO നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട അണമുഖം സ്വദേശികളായ രാജീവ്, ശ്രീദേവ് എന്നിവരെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ഇറക്കി കൊണ്ട് പോകുന്നതിനായി ശ്രമിച്ച് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കല്ലേറ് നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് DYFI ഏര്യാസെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രതികൾ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.  എന്നാല്‍ പ്രതികളെ പിടി കുടാതെ ചില പോലീസ് ഉദ്യോസ്ഥർ ഒത്തു കളിച്ചു.  ഇതോടെയാണ് ഡി.സി.പി റെയ്ഡിന് തയ്യാറായത്.

ഈ വിവരം ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ സി.പി.എം നേതാക്കൾക്ക് ചോർത്തി നൽകിയിരുന്നു. വ്യാഴാഴ്ച്ച രാത്രി ജില്ല കമ്മിറ്റി ഓഫീസിൽ എത്തിയ പോലിസ് സംഘത്തെ നേതാക്കൾ തടഞ്ഞെങ്കിലും ഡിസിപി ഉറച്ച നിലപാട് സ്വീകരിച്ചതോടെ നേതാക്കൾ വഴങ്ങി. ഇതിനിടെ പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് ഡി.സി.പി.ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി നേത്യത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. സിപിഎം ജില്ലാ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടായിരുന്നു അര്‍ദ്ധരാത്രി തന്നെ തെരേസ ജോണിനെ സ്ഥലം മാറ്റിയത്.

ചൈത്ര തെരേസ ജോണിന് പകരം മെഡിക്കൽ അവധിയിലായിരുന്ന ആദിത്യയെ അവധി റദ്ദാക്കി വിളിച്ചു വരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു. ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്ക് മാറ്റി.