സിപിഎം അമ്പലപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗത്തിന് ലോക്കപ്പ് മർദ്ദനം ; കുനിച്ച് നിർത്തി ഇടിച്ചെന്ന് ആരോപണം

Jaihind Webdesk
Tuesday, October 12, 2021

ആലപ്പുഴ : അമ്പലപ്പുഴയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് ലോക്കപ്പ് മര്‍ദനമെന്ന് പരാതി. സിപിഎം തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവും പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയുമായ മുരളിയാണ് മര്‍ദനത്തിനിരയായത്. അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിലെ എസ്ഐയും നാല് പൊലീസുകാരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റ മുരളി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

സിപിഎം അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവന്‍റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് മുരളിയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. കഴിഞ്ഞ മാസം 29 മുതലാണ് സജീവനെ കാണാതായത്. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ശനിയാഴ്ച വൈകിട്ട് കേസുമായി ബന്ധപ്പെട്ട് മുരളിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. തുടര്‍ന്ന് ‘സജീവന്‍ എവിടെ’ എന്ന് ചോദിച്ച് മര്‍ദിച്ചെന്നാണ് ആരോപണം. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദനം തുടര്‍ന്നു. രാത്രി 11 മണിവരെ മര്‍ദനത്തിനിരയായി. കുനിച്ച് നിര്‍ത്തി ഇടിച്ചെന്നും വസ്ത്രം അഴിപ്പിച്ച് മുട്ടുകാലില്‍ നിര്‍ത്തിയെന്നും ചെവികളില്‍ അടിച്ചുപരിക്കേല്‍പ്പിച്ചെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്. മോശമായ ഭാഷയിലാണ് പോലീസുകാര്‍ പെരുമാറിയതെന്നും മുരളി പറഞ്ഞു.