സി.പി.എമ്മിന് പാർലമെന്‍റ് ഹൗസിലെ ഓഫീസ് നഷ്ടമാകും

Jaihind Webdesk
Thursday, June 13, 2019

sitaram Yechury

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാർലമെന്‍റ് ഹൗസിലെ ഓഫീസും സി.പി.എമ്മിന് നഷ്ടമാകുന്നു. വര്‍ഷങ്ങളായി സി.പി.എമ്മിന്‍റെ കൈവശമുള്ള ഓഫീസ് നഷ്ടമായേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് വെറും മൂന്ന് സീറ്റുകളായി ചുരുങ്ങിയതാണ് ഓഫീസ് നഷ്ടമാകാന്‍ കാരണമാകുന്നത്.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ മാത്രമാണ് സി.പി.എമ്മിന് നേടാനായത്. സി.പി.എമ്മിന്‍റെ ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും നേടാന്‍ പാര്‍ട്ടിക്കായില്ല. രാജ്യസഭയിൽ സി.പി.എമ്മിന് 5 എം.പിമാർ മാത്രമാണ് സി.പി.എമ്മിന് ഇപ്പോഴുള്ളത്. 2014 ലും സമാനമായ ഭീഷണി സി.പി.എം നേരിട്ടിരുന്നെങ്കിലും യെച്ചൂരി രാജ്യസഭാ അംഗമായതിനാല്‍ ഓഫീസ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകുകയായിരുന്നു. 2014 ൽ 9 സീറ്റുകളായിരുന്നു സി.പി.എമ്മിനുണ്ടായിരുന്നത്. എന്നാൽ രാജ്യസഭയിലേക്ക് മത്സരിക്കാനില്ല എന്ന് യെച്ചൂരി നിലപാടെടുത്തതോടെ രാജ്യസഭയിൽ പാർട്ടിക്ക് ഇത്തവണ ശക്തനായ നേതാവില്ല. അതുകൊണ്ടുതന്നെ ഇത്തവണ പാർട്ടിക്ക് ഓഫീസ് നഷ്ടമായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

സി.പി.എം ദേശീയരാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കാണാനായത്. ശക്തികേന്ദ്രമായ ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ലെന്നത് സി.പി.എമ്മിന്‍റെ പതനം വരച്ചുകാട്ടുന്നു. 2014ൽ ബംഗാളിലും ത്രിപുരയിലും രണ്ട് വീതം സീറ്റുകള്‍ സി.പി.എം നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഒരു സീറ്റ് പോലും നേടാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. 2011 ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം ബംഗാളില്‍ തിരിച്ചുവരാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ല. സി.പി.എമ്മിന്‍റെ എക്കാലത്തെയും മോശം പ്രകടനമാണ് ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കണ്ടത്. അഞ്ചു വർഷം മുമ്പ് 29.93 % ഉണ്ടായിരുന്ന വോട്ടുനില ഇപ്പോള്‍ 7.48 % ആയി ചുരുങ്ങി. കേരളത്തിലും സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഒരു സീറ്റില്‍ മാത്രമായി കേരളത്തിലും സി.പി.എം ദയനീയമായി തകർന്നടിഞ്ഞു.