ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം യോഗം : എഫ്‌ഐആറില്‍ ആരുടേയും പേര് രേഖപ്പെടുത്താതെ കേസെടുത്ത് പൊലീസ്, മുഖംരക്ഷിക്കല്‍ നടപടി

പത്തനംതിട്ട : തിരുവല്ല കുറ്റൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് യോഗം ചേര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. എഫ്‌ഐആറില്‍ ആരുടേയും പേര് രേഖപ്പെടുത്താതെ സിപിഎം പ്രവർത്തകർ എന്ന് മാത്രം രേഖപ്പെടുത്തി മുഖംരക്ഷിക്കല്‍ നടപടിയാണ് പൊലീസ് സ്വീകരിച്ചത്. യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസ്,  ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങിയവർ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് ഒരുവശത്ത് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോഴാണ് സിപിഎം തന്നെ ലോക്ക്ഡൗണ്‍ ലംഘനത്തിന് നേതൃത്വം നല്‍കിയത്. സ്വീകരണ പരിപാടി നടന്നതായി സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും രംഗത്തെത്തിയിരുന്നു. എന്നാല്‍ പൊതുയോഗം നടന്നില്ലെന്നും ആള്‍ക്കൂട്ടമുണ്ടായില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ദൃശ്യങ്ങളില്‍ ആള്‍കൂട്ടം വ്യക്തമാണല്ലോ എന്ന ചോദ്യത്തോട് ഉദയഭാനു പ്രതികരിച്ചില്ല.

Comments (0)
Add Comment