
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ സമഗ്രമായ വിലയിരുത്തലിനായി സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.
ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ശബരിമല, സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് പല ജില്ലാ ഘടകങ്ങള്‍ക്കും കടുത്ത വിയോജിപ്പാണുള്ളത്. നേതൃത്വത്തിന്റെ ഈ പ്രാഥമിക വിലയിരുത്തല്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന നിലപാടിലാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും.
മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്കെതിരെയും പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ക്കെതിരെയും കൊല്ലം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളിലടക്കം അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കനത്ത പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ തേടിയുള്ള ഇന്നത്തെ ചര്‍ച്ചകള്‍ സംസ്ഥാന നേതൃയോഗങ്ങളില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കും.