പെരിയ ഇരട്ട കൊലക്കേസിലെ പ്രതികൾക്ക് സഹായവുമായി സിപിഎം നേതാക്കൾ. അറസ്റ്റിലായ പ്രതികൾക്കു പൊലീസ് കസ്റ്റഡിയിൽ ഭക്ഷണവും വസ്ത്രവും എത്തിച്ചു നൽകുന്നത് സിപിഎം പ്രാദേശിക നേതാക്കളാണ്. കൊലപാതകികളെ സംരക്ഷിക്കില്ലെന്ന് സി.പി.എം നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് പ്രതികൾക്ക് വഴിവിട്ട് സഹായം നൽകുന്നത്.
പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ.പീതാംബരൻ, സജി എന്നിവർക്കു കഴിഞ്ഞ ദിവസങ്ങളിൽ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്കു ‘സഹായങ്ങൾ’ എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണെന്നാണ് റിപ്പോര്‍ട്ട്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യാൻ കാസർകോട് വിളിക്കുന്ന സമയമൊഴികെ പ്രതികൾ മുഴുവൻ സമയവും ബേക്കൽ സ്റ്റേഷനിലാണുള്ളത്. പ്രതികളെ സംരക്ഷിക്കില്ലെന്നു സിപിഎം ആവർത്തിക്കുമ്പോഴും ഏരിയാ നേതാക്കള്‍ ഉൾപെടെയുള്ളവരുടെ സംരക്ഷണയിൽ കഴിയുന്ന ഇവരെ കാണാനും സംസാരിക്കാനുമായി അടിയ്ക്കടി സ്റ്റേഷനിലേയ്ക്കും നേതാക്കൾ എത്തുന്നുണ്ട്.
അതേസമയം, കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 8 പേരുണ്ടെന്ന് പൊലീസ് പറയുമ്പോഴും 7 പേർ മാത്രമാണു പിടിയിലായിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. പ്രതിയെന്നു സംശയിക്കുന്ന എട്ടാമൻ, പിടിയിലായവർ ഒളിവിൽ താമസിച്ചതിനടുത്തുള്ള പാർട്ടി ഓഫിസിൽ കഴിഞ്ഞ 5 ദിവസവും ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരമുണ്ട്. സദാ സമയവും തുറന്നിടുന്ന പാർട്ടി ഓഫിസ് കഴിഞ്ഞ കുറേ ദിവസങ്ങളായി അടഞ്ഞു കിടന്നതിനു ശേഷം ഇന്നലെ വീണ്ടും തുറന്നു. ഇവിടെ താമസിച്ചിരുന്നയാൾക്ക് ഭക്ഷണം നൽകിയതു സമീപത്തെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നിന്നാണെന്നും ഇന്നലെ മുതൽ ഭക്ഷണം കൊണ്ടു പോകുന്നില്ല എന്നതിനാല്‍ ഇയാളെ മറ്റെവിടേയ്ക്കോ മാറ്റി എന്നാണ് കരുതുന്നതെന്നും നാട്ടുകാര്‍ പറയുന്നു.