സി.പി.എം നേതാവിന്‍റെ ഗുണ്ടായിസം ; കോടതിയില്‍ അഭയം തേടി കുടുംബം

Jaihind News Bureau
Monday, November 9, 2020

പത്തനംതിട്ട : സി.പി.എം ജില്ലാ പഞ്ചായത്തംഗത്തിന്‍റെയും ഗുണ്ടകളുടേയും ഭീഷണി ഭയന്ന് കോടതിയിൽ അഭയം തേടി ഒരു കുടുംബം. പത്തനംതിട്ട കുന്നന്താനം പുല്ലാട് വീട്ടിൽ പി.സി ജോയിയാണ് പരാതിക്കാരൻ. കോടതി വിധി മറികടന്ന് തന്‍റെ പറമ്പിലൂടെ അനധികൃതമായി റോഡ് വെട്ടാൻ ശ്രമിച്ചത് തടഞ്ഞതാണ് ഭീഷണിക്കും കൈയേറ്റ ശ്രമത്തിനും കാരണമെന്ന് ജോയ് പറയുന്നു.

സി.പി.എം മല്ലപ്പള്ളി ജില്ലാ പഞ്ചായത്തംഗം സുബിന് എതിരെയാണ് പരാതിയുമായി പി.സി ജോയ് കോടതിയെ സമീപിച്ചത്. അനധികൃതമായി ജോയിയുടെ ഭൂമി കൈയേറി റോഡ് വെട്ടുവാൻ സുബിന്‍റെ നേതൃത്വത്തിൽ നടന്ന ശ്രമത്തിനെതിരെ ജോയ് തിരുവല്ല മുൻസിഫ് കോടതിയെയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ജോയിയുടെ ഭൂമിയിൽ പ്രവേശിക്കരുതെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും കോടതി ഉത്തരവുണ്ടായിട്ടും അത് മറികടന്ന് സുബിനും സംഘവും റോഡ് വെട്ടാൻ ശ്രമം നടത്തിയത് തടയാൻ ശ്രമിച്ചപ്പോള്‍ ജോയിയെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഭരണത്തിന്‍റെയും അധികാരത്തിന്‍റെയും പിൻബലത്തിൽ തന്നെ ഉപദ്രവിക്കാനും തന്‍റെ ഭൂമി കൈയേറാനുമുള്ള ശ്രമമാണ് സുബിൻ നടത്തുന്നതെന്നും ജോയ് ആരോപിക്കുന്നു.