വ്യാജരേഖ ചമച്ച് വീട്ടമ്മയുടെ ക്ഷേമ പെന്‍ഷന്‍ തട്ടി സി.പി.എം നേതാവ്; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

കോഴിക്കോട് : ചേമഞ്ചേരിയിൽ സി.പി.എം പ്രാദേശിക നേതാവ് വ്യാജരേഖ ചമച്ച് ക്ഷേമ പെൻഷൻ തട്ടിയെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുന്നിൽ സമരകാഹളം നടത്തി.

കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിൽ ചേമഞ്ചേരി സര്‍വീസ് സഹകരബാങ്ക് വഴിയാണ് പഞ്ചായത്ത് പെന്‍ഷന്‍ നല്‍കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പെന്‍ഷന്‍ വാങ്ങാന്‍ വീട്ടമ്മയായ സെലീനയ്ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് വാങ്ങാനായി എത്തിയപ്പോഴാണ് രണ്ടു മാസത്തെ തുകയായ 2,400 രൂപ ബാങ്കില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയതായി കണ്ടെത്തിയത്. നേരിട്ട് അക്കൗണ്ടിലേക്ക് പണം വരുന്നതിന് മുന്‍പുള്ള രണ്ട് മാസത്തെ തുകയാണ് സെലീനയ്ക്ക് നഷ്ടമായത്.

വിഷയത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ കളക്ഷൻ ഏജന്‍റിനെതിരെ
പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുന്നിൽ സമരകാഹളം സംഘടിപ്പിച്ചത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)
Add Comment