യോഗഹാളില്‍ കടന്നുകയറി സിപിഎം നേതാവിന്‍റെ ഗുണ്ടായിസം; പഞ്ചായത്ത് പ്രസിഡന്‍റിന് മർദ്ദനം, നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, September 23, 2021

കൊല്ലം : കൊട്ടാരക്കര വെട്ടിക്കവല പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ അതിക്രമിച്ചുകയറി സിപിഎം നേതാവിന്‍റെ ഗുണ്ടായിസം. യോഗത്തില്‍ കടന്നുകയറിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രപ്രകാശ്, കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്‍റുമായ ഡി സജയകുമാറിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ സജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമം നടന്നിട്ടും പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്ന് ആക്ഷേപമുണ്ട്. അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പഞ്ചായത്തിൽ ആംബുലൻസ് ഡ്രൈവർ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി എൽഡിഎഫ് നേതൃത്വത്തിൽ സമരം നടന്നു വരികയാണ്. പഞ്ചായത്ത് കമ്മിറ്റി ഇന്നലെ ചേരുകയും വിഷയം  ചർച്ച ചെയ്യുകയും ചെയ്തു. എൽഡിഎഫ് അംഗങ്ങൾ യോഗത്തിനിടെ പല തവണ പ്രതിഷേധിച്ചു. പന്ത്രണ്ട് മണിയോടെ അവസാനിച്ച യോഗത്തിന്‍റെ  മിനിറ്റ്സ് വേണമെന്ന് ഭരണസമിതി അംഗങ്ങൾ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഭരണസമിതി അംഗങ്ങളും എൽഡിഎഫ് അംഗങ്ങളുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെ യോഗത്തിലേക്ക് കടന്നു കയറിയ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രപ്രകാശ് പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സജയകുമാറിനെ കടന്നാക്രമിക്കുകയായിരുന്നു.  നെഞ്ചിൽ മർദനമേറ്റ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സജയകുമാറിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നെന്നും ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം സിപിഎം പ്രവർത്തകർ തടസപ്പെടുത്തിയെന്നും പരാതിയുണ്ട്. അതിക്രമത്തിൽ എൽഡിഎഫ് ഗ്രാമപ്പഞ്ചായത്തംഗങ്ങളും പാർട്ടി ഭാരവാഹികളുമായ പതിനഞ്ചോളം പേരും ഉൾപ്പെട്ടതായാണ് പരാതി. അതിക്രമം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.