സിപിഎം കള്ളക്കളി പുറത്തായതോടെ മാഹിയിലെ ബോംബേറ് കേസിൽ വാദി പ്രതിയായി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും അറസ്റ്റില്‍

Jaihind News Bureau
Saturday, September 28, 2019

മാഹിയിലെ  ബോംബേറ് കേസിൽ വാദിയായ സി പി എം പ്രാദേശിക നേതാവ് പ്രതിയായി. പന്തക്കല്ലിലെ  സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറ് നടന്ന സംഭവത്തിൽ ബോംബേറിൽ പരിക്ക് പറ്റിയ  ബ്രാഞ്ച് സെക്രട്ടറി ബിജുവിനെയും സുഹൃത്ത് റിനോജിനെയും  പോലീസ് അറസ്റ്റ് ചെയ്തു.  മാഹി പോലീസ് സൂപ്രണ്ട് വംശീദര റെഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിന് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു പരാതി. ഇതെ തുടർന്ന് ബിജു തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.ഇതിനിടയിൽ പോലീസ് തന്ത്രപരമായി നടത്തിയ അന്വേഷണമാണ് വാദി പ്രതിയായി മാറിയത്. സി പി എം പന്തക്കൽ  ബ്രാഞ്ച് സെക്രട്ടറിയായ ബിജു  സുഹൃത്തായ റിനോജിനെ കൊണ്ട് തനിക്ക് നേരെ ബോംബ് എറിയിക്കുക യായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്..

ബിജുവിന്റെ  മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ റിനോജിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്‌. തുടർന്ന് ബിജുവിനെയും വിശദമായി ചോദ്യം ചെയ്തതോടെ തിരക്കഥ പുറത്തുവന്നു. ബിജുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബോംബെറിഞ്ഞതെന്ന് റിനോജ് മൊഴി നൽകുകയായിരുന്നു. മാഹി മേഖലയിൽ രാഷ്ട്രിയ സംഘർഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ബോംബ് എറിയൽ നാടകം ബിജു നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.