സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്; കോടിയേരി പങ്കെടുക്കും, സ്വർണ്ണക്കടത്ത് ചർച്ചയാകും

Jaihind Webdesk
Monday, August 23, 2021

KodiyeriBalakrishnan

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുതിർന്ന നേതാവും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുക. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തീരുമാനങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്യും.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കിടയിൽ ഉണ്ടായ അസ്വാരസ്യങ്ങളും ചില നേതാക്കൾ തമ്മിലുള്ള വിമർശനങ്ങളും യോഗത്തിൽ ചർച്ച ആയേക്കും. പി ജയരാജനെതിരായ വിമർശനവും യോഗം ചർച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാത്തതിൻ്റെ പേരിൽ നേതൃത്വവുമായി അകന്നു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനാണ് കോടിയേരി യോഗത്തിൽ പങ്കെടുക്കുന്നതെന്നാണ് സൂചന. ഇന്ന് നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റിലും നാളത്തെ ജില്ലാ കമ്മിറ്റിയിലും കോടിയേരി ബാലകൃഷ്ണൻ മുഴുവൻ സമയവും പങ്കെടുക്കും. ഒരു ഇടവേളയ്ക്ക് ശേഷമാണ് കോടിയേരി യോഗത്തിൽ പങ്കെടുക്കുന്നത്.

സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് പി ജയരാജനും കെ.പി സഹദേവനും സെക്രട്ടേറിയറ്റിൽ പരസ്യമായി ഏറ്റുമുട്ടിയതിൽ ഇരുവരെയും പാർട്ടി വിമർശിച്ചിരുന്നു. പാർട്ടി തഴഞ്ഞതിൽ ഇ.പി ജയരാജൻ, എം പ്രകാശൻ ഉൾപ്പടെയുള്ള നേതാക്കൾക്കും പ്രതിഷേധമുണ്ട്. ഈ വിഷയങ്ങളിലടക്കം ജില്ലയിലെ പാർട്ടിക്കകത്തെ തർക്കങ്ങൾ പരിഹരിച്ച് ഒരുമിച്ച് കൊണ്ടുപോകലാണ് കോടിയേരിയുടെ ലക്ഷ്യം. അതേസമയം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചർച്ചകൾക്കാണ് കോടിയേരി എത്തിയതെന്നാണ് സിപിഎമ്മിന്‍റെ ഔദ്യോഗിക വിശദീകരണം.