വൈദ്യുതി ബില്ലിലെ വർദ്ധനവിനെ സി.പി.എം ന്യായീകരിക്കുന്നത് മുഖ്യമന്ത്രിയെ ഭയന്നിട്ട് : സതീശൻ പാച്ചേനി

വൈദ്യുതി ബില്ലിന്‍റെ അമിതമായ വർദ്ധനവ് കണ്ടില്ലെന്ന് നടിച്ച് സർക്കാറിനെ ന്യായീകരിച്ച് മാധ്യമങ്ങളിൽ പ്രസ്താവന കൊടുത്ത സി.പി.എം ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും മുഖ്യമന്ത്രിയെ ഭയന്നിട്ടാണ് ജനങ്ങളെ മുഴുവനായും ബാധിച്ച ചാർജ്ജ് വർദ്ധനവിനെ യുക്തിരഹിതമായ കാര്യങ്ങൾ പറഞ്ഞ് സി.പി.എം ന്യായീകരിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

ലോക് ഡൗൺ കാലമായതിനാൽ ആളുകൾ കൂടുതൽ സമയം വീടുകളിൽ ചെലവഴിച്ചത് മൂലം സ്വാഭാവികമായി ഉണ്ടാകുന്ന വർധനയാണെന്ന സിപിഎമ്മിന്‍റെ അഭിപ്രായം ഫ്യൂഡൽ പ്രമാണിമാരുടെ അഭിപ്രായത്തിനനുസരിച്ച് വിധേയത്വം കാണിക്കുന്ന അനുചരവൃന്ദത്തിന്‍റെ അഭിപ്രായം പോലെ നിലവാരമില്ലാത്തതായിപ്പോയി.

ജില്ലയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരുടെ വീടുകളിൽ ലഭിച്ച വൈദ്യുതി ബില്ലിന്‍റെ അവസ്ഥയെങ്കിലും പരിശോധിച്ചിട്ടാണ് സി.പി.എം നേതാക്കൾ അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിൽ അഭിപ്രായപ്രകടനം നടത്തില്ലായിരുന്നു.

വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് അന്യായമായി ജനങ്ങളെ ഷോക്കടിപ്പിച്ച സർക്കാർ നടപടിയെ പരസ്യമായി ന്യായീകരിച്ച സിപിഎം സാമൂഹിക പ്രതിബന്ധത ഇല്ലാത്ത കമ്പനി മുതലാളിമാരുടെ അച്ചാരം പറ്റുന്ന അനുയായികളായി തരം താഴ്ന്നിരിക്കുകയാണെന്നും അധികാരത്തിന്‍റെ ആലസ്യത്തിൽ മയങ്ങുന്ന സി.പി.എമ്മിന് ജനങ്ങളുടെ പ്രതിഷേധം ഇനിയും മനസ്സിലാക്കാൻ കഴിയാത്തത് മുഖ്യമന്ത്രി പിണറായിയെ ഭയന്നിട്ടാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.

Comments (0)
Add Comment