മലപ്പുറം: പലസ്തീൻ വിഷയത്തിൽ സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പലസ്തീൻ വിഷയം സിപിഎം കൈകാര്യം ചെയ്യുന്നത് തരംതാണതും വിലകുറഞ്ഞതുമായ രാഷ്ട്രീയ അജണ്ടയോടെയാണ്. വെറും രാഷ്ട്രീയ വിഷയമായി സിപിഎം പലസ്തീൻ വിഷയത്തെ കാണുന്നതുകൊണ്ടാണ് യുഡിഎഫി ലെ ഒരു പാർട്ടിയെ മാത്രം പ്രതിഷേധ റാലിക്ക് ക്ഷണിച്ചതെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു. മുസ്‌ലിം ലീഗുമായി യുഡിഎഫിന് ഉള്ളത് സുദൃഢമായ ബന്ധം. മലപ്പുറത്ത് യുഡിഎഫ് സുശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വളരെയധികം ക്രൂരമായാണ് കെഎസ്‌യു നേതാക്കളോട് പോലീസ് പെരുമാറിയത്. ഒരു സംഘർഷവും ഇല്ലാത്ത സമയത്താണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്. ഇതിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. പാണക്കാട്ട് എത്തി മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ കോൺഗ്രസ് കൺവൻഷന് തുടക്കമായി. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൺവൻഷനിൽ പങ്കെടുക്കും.