തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരായ സിപിഎം പിബി അംഗം എ. വിജയരാഘവന്‍റെ പ്രസ്താവന സിപിഎം ന്യൂനപക്ഷ കാര്‍ഡ് മാറ്റി ഭൂരിപക്ഷത്തിന്‍റെ കാര്‍ഡിറക്കുന്നതിന്‍റെ തെളിവാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നതിലൂടെ പ്രസ്താവന ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കേരളത്തില്‍ ബിജെപിയുടെ ആവശ്യമില്ല. എന്നിട്ടും അവരുടെ പ്രവര്‍ത്തനം സിപിഎം ശക്തമായി നടത്തുന്നുണ്ട്. സിപിഎം റെഡ് കാര്‍ഡ് മാറ്റി കാവി കാര്‍ഡിറക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന്‍റെ സഖ്യകക്ഷിയാകുെമന്നും ഹസന്‍ പറഞ്ഞു.
വിജയരാഘവന്‍റെ അഭിപ്രായത്തെ സിപിഎമ്മില്‍ എല്ലാവരും ന്യായീകരിക്കുകയാണ്. സിപിഎമ്മിന്‍റെ പുതിയ ഭൂരിപക്ഷ വര്‍ഗീയ ലൈനിന്‍റെ ഭാഗമാണിത്. വയനാട് തന്നെ ഈ പ്രചരണത്തിന്‍റെ ഉദ്ഘാടനത്തിനായി അവര്‍ തിരഞ്ഞെടുത്തു. ബിജെപിയുടെ വര്‍ഗീയ ശബ്ദം ഇപ്പോള്‍ സിപിഎം നേതാക്കളുടെ വാക്കുകളിലൂടെയാണ് പുറത്തുവരുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സഖ്യനീക്കത്തിന്‍റെ ഭാഗമാണ് സിപിഎമ്മിന്‍റെ നിലപാട് മാറ്റമെന്നും ഹസന്‍ പറഞ്ഞു.