കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ പ്രതിരോധത്തിലായി സിപിഎം ; നാളെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം

Jaihind Webdesk
Saturday, July 24, 2021

 

തൃശൂര്‍ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടി പ്രതിരോധത്തിൽ നിൽക്കെ നാളെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അടിയന്തര യോഗം ചേരും. വിഷയം കൈകാര്യം ചെയ്തതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് യോഗം ചേരുന്നത്. അതിനിടെ പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി. നാലാം പ്രതി കിരൺ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഓഡിറ്റ് റിപ്പോർട്ട് പരസ്യമായത് മുതൽ പ്രതികളെല്ലാം ഒളിവിലാണ്.

കേസിലെ പ്രതികളില്‍ മൂന്നുപേരും സിപിഎമ്മുകാരാണെന്നതും പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മുഖ്യ പ്രതികളായ ബാങ്ക് സെക്രട്ടറി ടി.ആര്‍ സുനില്‍കുമാറും മാനേജര്‍ ബിജു കരീമും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. മാനേജര്‍ ബിജു കരീം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവും സെക്രട്ടറി സുനില്‍കുമാർ കരുവന്നൂർ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.  ചീഫ് അക്കൌണ്ടന്‍റ് സി.കെ ജില്‍സും സിപിഎം അംഗമാണ്.