പാർട്ടിയെ കുടുക്കുന്ന മക്കള്‍ മാഹാത്മ്യം ; ലഹരി വിവാദത്തില്‍ കുരുക്കിലായി സി.പി.എമ്മും കോടിയേരിയും

Jaihind News Bureau
Friday, September 4, 2020

 

സ്വർണ്ണക്കടത്ത് വിവാദത്തിൽ ആരോപണ ശരങ്ങളേറ്റ സർക്കാരിനെയും സി.പി.എമ്മിനേയും ബിനീഷിനെതിരായ പുതിയ ആരോപണം കുരുക്കിലേക്ക് നയിക്കും. ബംഗളുരുവിൽ അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതിയുമായിട്ടുളള ബിനീഷിന്‍റെ ബന്ധം, സ്വപ്നാ സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാൻ സഹായിച്ചെന്നാണ് ആക്ഷേപം. ഒളിവിലിരുന്ന് സ്വപ്ന മാധ്യമങ്ങൾക്ക് നൽകിയ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ടും നേരത്തെ ബിനീഷിനെതിരെ ആരോപണമുയർന്നിരുന്നു.

സ്വപ്ന അറസ്റ്റിലായ ജൂലൈ 10 ന് മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതി അനൂപ് മുഹമ്മദിനെ ബിനീഷ് കോടിയേരി വിളിച്ചുവെന്നാണ് അനുപിന്‍റെ മൊഴി. അനൂപുമായി ബന്ധമുണ്ടെന്നും ഹോട്ടൽ തുടങ്ങാൻ പണം വാങ്ങിയിരുന്നുവെന്നും ബിനീഷും സമ്മതിച്ചിട്ടുണ്ട്. എന്നാൽ ജൂലൈ പത്തിന് വിളിച്ചില്ലെന്നും ബിനീഷ് പറയുന്നു. ഇതോടെ വിവാദം കൂടുതൽ വിശാലമായ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. എൽ.ഡി.എഫ് സർക്കാരിന്‍റെ ഭരണകാലത്ത് എന്നും വിവാദ നായകരായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ രണ്ടു മക്കളും. വിവാദങ്ങൾ ഉയരുമ്പോൾ മക്കൾ പാർട്ടി അംഗങ്ങളല്ലെന്നും  മക്കൾ ചെയ്യുന്ന പ്രവൃത്തിക്ക് മാതാപിതാക്കൾ ഉത്തരവാദികളല്ലെന്ന പതിവു ന്യായീകരണവും ഉയരാറുണ്ട്. പക്ഷേ ഇപ്പോഴുണ്ടായ ആരോപണം കൂടുതൽ ഗൗരവമേറിയതാണ്.

ഇടക്കാലത്ത് പല സിനിമകളിലും തല കാണിച്ച ബിനീഷ് ഗള്‍ഫ് കേന്ദ്രീകരിച്ചുളള പ്രവാസി വ്യവസായികളുമായുളള ബന്ധങ്ങളുടെ പേരിലും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തോടെയാണ് കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരി വിവാദ നായകന്‍ ആകുന്നത്. അതിനു ശേഷമാണ് ബിഹാറിലെ ഒരു യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി ഉയരുന്നതും വിവാദമാകുന്നതും. ഈ വിവാദങ്ങളൊക്കെ കഴിഞ്ഞെന്ന് പാർട്ടിയും കോടിയേരിയും ആശ്വസിച്ചിരിക്കുമ്പോഴാണ് പുതിയ മയക്കുമരുന്ന് വിവാദം. മയക്കുമരുന്ന് ലോബിക്കായി ഹോട്ടൽ വിട്ടുകൊടുക്കുകയും, അതിലുപരി രാജ്യദ്രോഹ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതും ചില്ലറ തലവേദനയല്ല സി.പി.എമ്മിന് ഉണ്ടാക്കിയിരിക്കുന്നത്.

ഒളിവിലിരുന്ന് സ്വപ്ന മാധ്യമങ്ങൾക്ക് നൽകിയ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ടും നേരത്തെ ബിനീഷിനെതിരെ ആരോപണമുയർന്നിരുന്നു. എല്ലാ വിവാദവും ഉയരുമ്പോൾ പാര്‍ട്ടി ഇടപെടില്ല എന്നാണ് നേതൃത്വം പറയുന്നത്. പക്ഷേ എല്ലാം ഒത്തുതീർക്കുന്നത് പാർട്ടി തന്നെയാണ്. നിരന്തരമായി മക്കള്‍ മൂലം പാര്‍ട്ടി പ്രതിരോധത്തിലാകുന്നത് സി.പി.എമ്മിനകത്ത് കോടിയേരിക്ക് തിരിച്ചടിയാവുമെന്നത് ഏറെക്കുറെ ഉറപ്പായി.