കണ്ണൂർ: തലശ്ശേരിയിൽ കാവിലെ ഉത്സവത്തിനിടെ പൊലീസുകാർക്ക് നേരെ സി പി എം പ്രവർത്തകരുടെ അക്രമം. മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ എസ് ഐ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സി പി എം പ്രവർത്തകർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു .തലശ്ശേരി എസ് ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്ക്. സംഭവത്തിൽ 27 സിപി എം പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇന്ന് പുലർച്ചെ 12 മണിക്ക് ആണ് സംഭവം നടന്നത്.
തലശ്ശേരി മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സി പി എം – ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയും സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെ സി പി എം പ്രവർത്തകർ അക്രമിക്കുകയുമായിരുന്നു.
ഇരുപതോളം വരുന്ന സി പി എം പ്രവർത്തകർ എസ് ഐ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു. പോലീസ് ഇവിടെ ഡ്യൂട്ടിക്ക് വേണ്ടെന്നും കേരളം ഭരിക്കുന്നത് ഞങ്ങളാണെന്നും കാവില്‍ കയറി കളിക്കാൻ നിന്നാൽ ഒരൊറ്റെയണ്ണം തലശ്ശേരി സ്റ്റേഷനിൽ ഉണ്ടാവില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ട് മർദ്ദിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സിപിഎം പ്രവർത്തകരായ ദിപിൻ രവീന്ദ്രൻ, ജോഷിത്ത്, ഷിജിൽ, ചാലി എന്ന വിപിൻ, സിനീഷ് രാജ്, സന്ദേശ് പ്രദീപ്, ഷിബിൻ എന്നവരും മറ്റ് കണ്ടാലറിയാവുന്ന 20 ഒളം സിപിഎം പ്രവർത്തകർ ചേർന്നു മർദ്ദിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
തലശ്ശേരി എസ് ഐ അഖിൽ ടി ഉൾപ്പടെ 4 പോലീസ് ഉദ്യോഗസ്ഥർക്കാണ് മർദ്ദനത്തിൽ പരിക്ക് പറ്റിയത്.
മണോളിക്കാവിലെ പ്രധാന തെയ്യമായ തമ്പുരാട്ടിയും ചൊമപ്പനും കാവിൽ കയറുന്ന സമയത്ത് സി പി എം പ്രവർത്തകർ ഇങ്കിലാബ് സിന്ദാബാദ് വിളിച്ചതാണ് സംഘർഷത്തിന് കാരണമായത്. തലശ്ശേരി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.