അക്രമരാഷ്ട്രീയം സി.പി.എമ്മിന്‍റെ രക്തത്തിലുള്ളത് : മുല്ലപ്പള്ളി രാമചന്ദ്രന്‍

തെരഞ്ഞെടുപ്പ് പരാജയത്തിന് അക്രമരാഷ്ട്രീയവും കാരണമായെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതിന് തൊട്ടുപിന്നാലെ കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെയും യുഡിഎഫ് പ്രവര്‍ത്തകരെയും ഇടതുപ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ കയ്യേറ്റം ചെയ്തതിലൂടെ സിപിഎമ്മിന്‍റെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

അക്രമരാഷ്ട്രീയം സിപിഎമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. മലബാറില്‍ തങ്ങളുടെ കോട്ട സംരക്ഷിക്കാന്‍ അക്രമത്തിന്‍റെ മാര്‍ഗ്ഗമാണ് സിപിഎം എക്കാലവും സ്വീകരിച്ചത്. അക്രമരാഷ്ട്രീയത്തിന് ദീര്‍ഘായുസ്സില്ലെന്ന് കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും അനുഭവങ്ങള്‍ തെളിയിച്ചു. എന്നിട്ടും സിപിഎം മാത്രം അത് തിരിച്ചറിയാന്‍ തയ്യാറാകുന്നില്ല. സിപിഎം അതിന്‍റെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിട്ടും അക്രമരാഷ്ട്രീയം തുടരുന്നത് അത്യന്തം അപമാനകരമാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പ്രേമചന്ദ്രനെയും യു.ഡി.എഫ് പ്രവര്‍ത്തകരെയും അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭരണത്തിന്‍റെ തണലില്‍ സി.പി.എം സംരക്ഷണം നല്‍കുന്നതിനാലാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുഭാവികള്‍ക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. സ്വന്തം പ്രവര്‍ത്തകരെ നിയന്ത്രിക്കാനും നിലയ്ക്കു നിര്‍ത്താനും കഴിയാത്തിടത്തോളം അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിക്കന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അര്‍ഹതയില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പും ഫലം വന്നതിന് ശേഷവും സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം നടത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയിലും കൊല്ലും കൊലവിളിയും നടത്തുന്ന ഇതുപോലൊരു പാര്‍ട്ടി ലോകത്തൊരിടത്തും കാണില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment