ഫണ്ട് വിവാദത്തില്‍ പുകഞ്ഞ് സിപിഎം; ‘വടിവാളിന് മുന്നില്‍ എവിടെയായിരുന്നു ഈ വിശുദ്ധന്‍?’ കുഞ്ഞിക്കൃഷ്ണനെതിരെ പയ്യന്നൂരില്‍ ഫ്ലക്സുകൾ

Jaihind News Bureau
Saturday, January 24, 2026

പയ്യന്നൂര്‍: സി പി എം പയ്യന്നൂര്‍ എംഎല്‍എ ടി.ഐ മധുസൂദനനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണനെതിരെ പയ്യന്നൂരില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്ന മുന്നറിയിപ്പോടെയാണ് പയ്യന്നൂര്‍ കാറമേല്‍ മുച്ചിലോട്ട് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്.

കുഞ്ഞിക്കൃഷ്ണന്റെ ചിത്രത്തില്‍ കറുത്ത നിറം കൊണ്ട് വെട്ടി വികൃതമാക്കിയ നിലയിലാണ് ഫ്ലക്സ്. ‘കഴുത്തിനു നേരെ വടിവാള്‍ വരുന്ന നാളുകളില്‍ ഈ വിശുദ്ധന്‍ എവിടെയായിരുന്നു? കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയില്‍ വിശുദ്ധന്‍ എവിടെയായിരുന്നു? തടവറകളും ഇടിമുറികളും വിളിച്ച നാളുകളില്‍ എവിടെയായിരുന്നു ഈ വിശുദ്ധന്‍?’ എന്നാണ് ഫ്‌ലക്‌സിലെ വരികള്‍. ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്ന് പറയുന്ന ബോര്‍ഡില്‍ പരോക്ഷമായി കുഞ്ഞിക്കൃഷ്ണനെതിരെ ‘ഒറ്റുകാരന്‍’ എന്ന പ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്.

രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്നും, ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയാമായിരുന്നു എന്നുമാണ് വി. കുഞ്ഞിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞത്. ആരോപണം ഉന്നയിച്ച തന്നെ പുറത്താക്കുകയും തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുകയുമാണ് നേതൃത്വം ചെയ്യുന്നതെന്ന കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കുഞ്ഞിക്കൃഷ്ണനെ തള്ളി രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമായ തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.