കണ്ണൂര്‍ പയ്യന്നൂരിലെ ഫണ്ട് വിവാദം പുകയാതെ നോക്കാന്‍ സി പി എം. പയ്യന്നൂരിലെ സി പി എമ്മില്‍ ഫണ്ട് തിരിമറിയെന്ന ആക്ഷേപം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ ശാസിച്ച് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിയിലെ സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് പിരിവ് സംബന്ധിച്ച് പരാതി നല്‍കിയ വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി ശാസിച്ചത്. കുഞ്ഞികൃഷ്ണന്‍ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. ടി ഐ മധുസൂദനന്‍ എം എല്‍എയ്ക്ക് എതിരെയായിരുന്നു ആരോപണം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം, പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന്റെ ഭാഗമായി നടത്തിയ ചിട്ടി നടത്തിപ്പ്, ധനരാജ് രക്തസാക്ഷിഫണ്ട് വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേട് നടന്നതായാണ് ആരോപണം. ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ടി ഐ മധുസൂധനന്‍ എംഎല്‍എ ക്കെതിരെ ഉന്നയിച്ച ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു.
പയ്യന്നൂരില്‍ സിപിഎമ്മില്‍ ഫണ്ട് തിരിമറിയെന്ന ആരോപണം വെറും അടിസ്ഥാനരഹിതമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ചതിനാണ് ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ ശാസിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ശാസന. കുഞ്ഞികൃഷ്ണന് എതിരെ മറ്റു കര്‍ശന നടപടി എടുത്താല്‍ അണികള്‍ അതിനെതിരെ രംഗത്ത് ഇറങ്ങുമെന്ന ആശങ്ക സിപിഎം നേതത്വത്തിനുണ്ട്. അതുകൊണ്ടാണ് അച്ചടക്ക നടപടി ശാസനയില്‍ ഒതുക്കിയത് എന്നാണ് സൂചന. പാര്‍ട്ടിയിലെ സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ജില്ല നേതൃയോഗത്തില്‍ വ്യക്തമാക്കി. ഇതിന് ശേഷമാണ് അച്ചടക്ക നടപടി ശാസനയില്‍ ഒതുക്കിയത്.