കര്‍ഷക തൊഴിലാളികളുടെ ക്ഷേമനിധിയില്‍ നിന്നുപോലും കയ്യിട്ടുവാരി സി.പി.എം

Jaihind News Bureau
Saturday, April 18, 2020

ആലപ്പുഴ : കര്‍ഷക തൊഴിലാളികളുടെ ക്ഷേമനിധിയില്‍ നിന്നുപോലും സി.പി.എമ്മിന്‍റെ കയ്യിട്ടുവാരല്‍. ആലപ്പുഴ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലാണ് സി.പി.എം പഞ്ചായത്ത് അംഗം നാലുവര്‍ഷമായി കര്‍ഷക തൊഴിലാളികളില്‍ നിന്നും പിരിച്ചെടുത്ത പണം ബോര്‍ഡില്‍ അടയ്ക്കാതെ മുക്കിയത്. ഇതിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഒരു സംഘം തൊഴിലാളികള്‍.

2017 മുതല്‍ 2020 വരെ കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള പണം സി.പി.എം പഞ്ചായത്ത് അംഗമായ സുഭദ്രയാണ് പരിച്ചെടുത്തത്. 12 സ്ത്രീകളില്‍ നിന്നാണ് സുഭദ്ര ഇത്തരത്തില്‍ പണം പിരിച്ചെടുത്തത്. ക്ഷേമനിധിയില്‍ നേരിട്ട് പണം അടക്കേണ്ടെന്നും പഞ്ചായത്ത് അംഗം ആയ തന്‍റെ കയ്യില്‍ പണം നല്‍കിയാല്‍ അടച്ചുകൊള്ളാം എന്നും ഇവര്‍ തൊഴിലാളികളെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ നാലുവര്‍ഷമായി പിരിച്ചെടുത്ത തുകയില്‍ ഒരു രൂപ പോലും സി.പി.എം പഞ്ചായത്തംഗം ക്ഷേമനിധി ബോര്‍ഡില്‍ അടച്ചിട്ടില്ല. കൊവിഡ് ദുരിതാശ്വാസ പദ്ധതി പ്രകാരം ക്ഷേമനിധിയില്‍ നിന്ന് ലഭിക്കേണ്ട തുകയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യമായതിനെ തുടര്‍ന്ന് കര്‍ഷക തൊഴിലാളികളായ സ്ത്രീകള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

കൂലിവേല ചെയ്ത് നിത്യജീവിതം നയിക്കുന്ന സ്ത്രീകളെയാണ് സി.പി.എം പഞ്ചായത്ത് അംഗം ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയത്. സ്ത്രീകള്‍ പരാതി നല്‍കിയത് അറിഞ്ഞതോടെ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മിന്‍റെ പ്രാദേശിക ജില്ലാ നേതൃത്വങ്ങള്‍.

teevandi enkile ennodu para