ഒടുവിൽ തലകുനിച്ച് സിപിഎം; എഡിഎമ്മിന്റെ ആത്മഹത്യയിൽ പി പി ദിവ്യക്കെതിരെ നടപടി; പാർട്ടി പദവികളിൽ നിന്നും നീക്കും

Jaihind Webdesk
Thursday, November 7, 2024

കണ്ണൂർ: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും, ജനരോഷത്തിനൊടുവിലും പി.പി ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ നിർബന്ധിതരായി സിപിഎം. ദിവ്യയെ പാർട്ടി പദവികളിൽനിന്ന് നീക്കും. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണു ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. അടിയന്തരമായി ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നടപടി അംഗീകരിച്ചു. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് കണ്ണൂർ കമ്മിറ്റി യോഗം വിലയിരുത്തിയത്.

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധിപറയാനിരിക്കെയാണ് പാര്‍ട്ടി നടപടിയിലേക്കു കടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജാമ്യം ലഭിക്കില്ല എന്ന തിരിച്ചറിവിന്റെ കൂടി ബോധ്യത്തിലാണോ സിപിഎം ഇങ്ങനെ ഒരു നീക്കത്തിലേക്ക് കടന്നത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനാണു ജില്ലാ നേതൃത്വം ശിപാർശ ചെയ്തിരിക്കുന്നതെന്നാണ് അറിയുന്നത്. ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാകും ദിവ്യയെ തരംതാഴ്ത്തുക.

നേരത്തെ, നവീന്‍ ബാബു കേസില്‍ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യഹജി നല്‍കിയത്. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കുടുംബം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.