രക്തസാക്ഷി ഫണ്ട് വിവാദം: വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി; ‘പാര്‍ട്ടിയെ വഞ്ചിച്ച ശത്രുക്കളുടെ കോടാലിക്കൈ’ എന്ന് കെ.കെ. രാഗേഷ്

Jaihind News Bureau
Monday, January 26, 2026

കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്നും ആരോപിച്ചാണ് കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തത്. കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചത്.

2022 ഏപ്രിലില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് പരിഹരിച്ച കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്‍ വീണ്ടും ഉന്നയിക്കുന്നതെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണ് അദ്ദേഹം ചെയ്തത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബോധപൂര്‍വം ഈ സമയം തിരഞ്ഞെടുത്തത് പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും, കുഞ്ഞികൃഷ്ണന്‍ ഒരു ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ലെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. ടി.ഐ. മധുസൂദനന്‍ എം.എല്‍.എയോടുള്ള വ്യക്തിപരമായ പകയാണ് ഈ നീക്കത്തിന് പിന്നിലെന്നും പാര്‍ട്ടി ആരോപിക്കുന്നു.

ഫണ്ട് തിരിമറി ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി വിശദമായ അന്വേഷണം നടത്തിയിട്ടുള്ളതാണെന്ന് രാഗേഷ് വ്യക്തമാക്കി. ധനരാജ് ഫണ്ട് പിരിവിനായി ഉപയോഗിച്ച റസീറ്റുകളില്‍ അക്ഷരത്തെറ്റ് സംഭവിക്കുകയും ആറ് ബുക്കുകളിലെ പിശക് തിരുത്തുന്നതില്‍ ജാഗ്രതക്കുറവുണ്ടാവുകയും ചെയ്തിട്ടുണ്ട്. ചില ബുക്കുകള്‍ നഷ്ടപ്പെട്ടതായും പാര്‍ട്ടി സമ്മതിച്ചു. എന്നാല്‍ ഈ റസീറ്റുകള്‍ ഉപയോഗിച്ച് മധുസൂദനന്‍ പണം പിരിച്ചിട്ടില്ലെന്നും അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കുഞ്ഞികൃഷ്ണന്‍ വളച്ചൊടിക്കുകയാണെന്നും പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു.

ധനരാജിന്റെ കുടുംബത്തെ സഹായിക്കാനും വീട് വെച്ചുനല്‍കാനുമാണ് ഫണ്ട് ശേഖരിച്ചതെന്നും ആ കാര്യത്തില്‍ പാര്‍ട്ടിക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ നാല് വര്‍ഷത്തെ താമസം ഉണ്ടായതിനെത്തുടര്‍ന്ന് മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ 2022-ല്‍ തന്നെ പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കുഞ്ഞികൃഷ്ണന്‍ വാര്‍ത്തകള്‍ ചോര്‍ത്തുന്നതിന്റെ കൃത്യമായ തെളിവുകള്‍ പാര്‍ട്ടിയുടെ പക്കലുണ്ടെന്നും വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം നീക്കങ്ങളെ നേരിടാന്‍ സിപിഎമ്മിന് കെല്‍പ്പുണ്ടെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേര്‍ത്തു.