മാവോയിസ്റ്റ് ബന്ധം : യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് സിപിഎം

Jaihind News Bureau
Sunday, November 3, 2019

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ , താഹ എന്നിവർ കോഴിക്കോട് ജയിലിൽ തുടരും. ഇരുവരെയും ഇന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റില്ല. രണ്ട് പേരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതിനാലാണ് തീരുമാനം. അലനെയും താഹയെയും തൃശ്ശൂരിലെ വിയ്യൂർ ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് രക്ഷിതാക്കളെ ഇന്നലെ അറിയിച്ചിരുന്നു. ഇരുവരേയും മാറ്റാനുള്ള തീരുമാനം പൊലീസിന്‍റേതല്ലെന്നും കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കിയിരുന്നു.

അതേസമയം, അലൻ ശുഹൈബിന്‍റെയും താഹയുടെയും പേരിൽ യുഎപിഎ ചുമത്തിയ നടപടി പിൻ വലിക്കണമെന്ന് സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യുഎപിഎ ചുമത്തത്തക്ക കുറ്റമല്ല .  ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട ഉടനെ തന്നെ ധൃതി പിടിച്ച് പോലീസ് യുഎപിഎ ചുമത്തുകയായിരുന്നു. പോലീസിന്‍റെ ഈ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും വിചാരണയും വിവേചനവും ഇല്ലാത്ത തടവ് ശിക്ഷക്ക് വിധേയമാക്കുന്ന യുഎപിഎ നിയമത്തിന്‍റെ ദുരുപയോഗവും ആണ്. ഈ നടപടി പിൻവലിക്കണമെന്ന് സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ആവശ്യപ്പെടുന്നു. യോഗത്തിൽ കാനങ്ങോട്ട് ഹരിദാസൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി യേറ്റ് അംഗം ടി.പി. ദാസൻ,  ടി .ദാസൻ, സി.പി മുസാഫർ അഹമ്മദ് എന്നിവർ സംസാരിച്ചു.