കോൺഗ്രസ് എംഎൽഎ മാർക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി സിപിഎം; പ്രവർത്തകർക്ക് നിർദ്ദേശം നല്‍കുന്ന ശബ്ദസന്ദേശം പുറത്ത്

Jaihind News Bureau
Monday, May 11, 2020

പ്രളയ ഫണ്ട് തട്ടിപ്പും, സ്പ്രിങ്ക്ളർ വിവാദവുമെല്ലാം പാർട്ടിക്ക് തിരിച്ചടിയായതോടെ കോൺഗ്രസ് എംഎൽഎ മാർക്കെതിരെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ് സിപിഎം.  വ്യാജ പ്രചാരണങ്ങൾ നടത്താനും, കൈ എഴുത്ത് പോസ്റ്ററുകള്‍ ഒട്ടിക്കാനും പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നല്‍കുന്ന സിപിഎം നേതാവിന്‍റെ വാട്സ് ആപ് വോയിസ് സന്ദേശം പുറത്തായി.

എറണാകുളത്തെ കോൺഗ്രസ് എംഎൽഎമാർക്കെതിരെ സി പി എം നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ അവസാന ഉദാഹരണമാണിത്. വ്യാജ പ്രചാരണം നടത്താൻ അണികൾക്ക് പാർട്ടി ജില്ലാ നേതാവ് വാട്സാപ്പിലൂടെ വോയിസ് മെസേജായി നൽകുന്ന നിർദ്ദേശം പാർട്ടി പ്രവർത്തകർ തന്നെ പുറത്തുവിട്ടു.  എംഎല്‍എക്കെതിരെയുള്ള വ്യാജപ്രചാരണത്തിന്‍റെ കൈയെഴുത്ത് പോസ്റ്ററുകൾ എത്രയും വേഗം തയ്യാറാക്കി മേഖലാ കമ്മിറ്റിയെ ഏൽപ്പിക്കാനും , പൊതു ഇടങ്ങളിൽ സ്ഥാപക്കാനും വാട്സ് ആപ്പിലൂടെ നേതാവ് പ്രവർത്തകർക്ക് നിർദ്ദേശം നൽകുന്നുണ്ട്.

പ്രളയ ഫണ്ട് തട്ടിപ്പും, സ്പ്രിങ്ക്ളർ വിവാദവുമെല്ലാം പാർട്ടിക്ക് തിരിച്ചടിയായതോടെയാണ് കോൺഗ്രസ് എംഎൽഎ മാർക്കെതിരെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടാൻ സി പി എം തിടുക്കത്തിൽ നീക്കം തുടങ്ങിയത്. പ്രളയ, കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായ രീതിയിലാണ് ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികൾ പങ്കാളിയായത്. സിപിഎം നേതാക്കൾക്കും – എംഎൽഎമാർക്കും കൈ കെട്ടി നോക്കി നിൽക്കേണ്ടി വന്നതിലെ ജാള്യത മറച്ചു വയ്ക്കാൻ വേണ്ടിയാണ് വ്യാജ പ്രചാരണമെന്ന് പി.ടി. തോമസ് എംഎൽഎ പ്രതികരിച്ചു.

വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും, ജനോപകാര പ്രവർത്തനങ്ങളുമായി തങ്ങൾ മുന്നോട്ടു പോകുമെന്നും കോൺഗ്രസ് ജനപ്രതിനിധികൾ പറഞ്ഞു.

 

https://youtu.be/ulPJ7yCJhuM