വധശ്രമത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചന : സി.ഒ.ടി നസീര്‍

Jaihind Webdesk
Wednesday, May 22, 2019

COT-Nazeer-2

തനിക്ക് നേരെ നടന്ന വധശ്രമത്തിന് പിന്നില്‍ തലശേരി കേന്ദ്രീകരിച്ചുള്ള സി.പി.എം പ്രവർത്തകരാണെന്ന് സി.ഒ.ടി നസീർ. അന്വേഷണം തെറ്റായ ദിശയിലാണ് നടക്കുന്നത്. പോലീസ് കേസ് ഗൗരവത്തോടെ കാണുന്നില്ല.
ജീവന് ഭീഷണിയുണ്ടെന്ന് പൊലീസില്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും പോലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നസീർ കോഴിക്കോട് പറഞ്ഞു.

സംഭവത്തിൽ സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രൊഫഷണൽ രീതിയിലുള്ള ഈ കൊലപാതക ശ്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസും ആര്‍.എം.പിയും ഉൾപ്പെടെയുള്ളവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ നിഗമനങ്ങൾ ശരിയാണെന്ന് തെളിക്കുന്നതാണ് ഇന്ന് സി.ഒ.ടി നസീർ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ വസ്തുതകള്‍. തനിക്കെതിരായ വധശ്രമത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. തലശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.പി.എം നേതാവും മൂന്ന് പ്രാദേശിക സി.പി.എം പ്രവർത്തകരുമാണ് ആക്രമിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നും നസീർ പറഞ്ഞു.

കേസിന്‍റെ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലല്ല. ശാരീരികമായി തളർന്നു കിടക്കുന്ന സമയത്ത് ഒരു കോൺസ്റ്റബിൾ മൊഴി എടുത്ത് തിരിച്ചു പോവുകയായിരുന്നു. ആക്രമണം കൃത്യമായി രേഖപ്പെടുത്താൻ പോലും പോലീസ് തയാറായിട്ടില്ല. കേസിൽ പക്ഷം പിടിച്ച് സംഭവം നിസാരവത്കരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും സി.ഒ.ടി നസീർ പറഞ്ഞു. മുന്‍ സി.പി.എം പ്രവര്‍ത്തകനായ നസീര്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഇതിന് ശേഷം നസീറിന് നേരെ നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്.