സിപിഎം സമ്മേളനം നിര്‍ത്തിവെപ്പിക്കണം; കളക്ടര്‍ക്കും കമ്മീഷണര്‍ക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, January 22, 2022

തൃശൂർ : സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇതിനിടെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന സമ്മേളനം നിര്‍ത്തിവെപ്പിക്കണമെന്നും നേതാക്കൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടർക്കും കമ്മീഷണര്‍ക്കും പരാതി നൽകി.

സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ഞായറാഴ്ച നടക്കാനിരുന്ന മുഴുവൻ പരിപാടികളും ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി എം.എം വർഗീസ് അറിയിച്ചു. കൊവിഡ് വ്യാപനത്തിനിടെ ജില്ലാ സമ്മേളനം നടത്തുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കാസർഗോഡ് സമ്മേളനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശം കൂടി കണക്കിലെടുത്താണ് നടപടി. ജില്ലാ സെക്രട്ടറിയായി എംഎം വർഗീസ് തുടരാനാണ് സാധ്യത.

ചില സ്ഥലങ്ങളിൽ ഈ സമ്മേളന കാലത്ത് വിഭാഗീയ പ്രവർത്തനം നടന്നിട്ടുണ്ടെന്ന് നേതൃത്വം വിലയിരുത്തി. ബിജെപിയുടെ വോട്ട് വർധനവിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതോടൊപ്പം കരുവന്നൂർ അടക്കമുള്ള വിഷയങ്ങൾ പാർട്ടിയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചതായും സ്വയം വിമർശനവുമുണ്ട്. കോടിയേരിക്കെതിരെയും വിമർശനമുയർന്നു. കൊടിയേരിയുടെ ന്യൂനപക്ഷ പ്രസ്താവന തിരിച്ചടി ആയി. ലക്ഷ്യം വെച്ചത് കോൺഗ്രസിനെ ആണെങ്കിലും അടികിട്ടിയത് സിപിഎമ്മിനാണ്. അതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ച് സമ്മേളനം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കളക്ടര്‍ക്കും പൊലീസ് കമ്മീഷണർക്കും പരാതി നല്‍കി.