വായ്പയെടുത്ത് മുങ്ങുന്നു; നേതാക്കൾക്കെതിരെ സി.പി.എം പ്രവർത്തന റിപ്പോർട്ട്

Jaihind News Bureau
Thursday, March 6, 2025


കൊല്ലം: സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇപി ജയരാജനും മന്ത്രി സജി ചെറിയാനുമെതിരെ കടുത്ത വിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് നേതാക്കൾക്കെതിരെ വിമർശനമുയർന്നത്.

കരിവന്നൂരടക്കം സഹകരണ ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമർശം. പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പല സഹകരണ ബാങ്കുകൾക്കും കോടികളുടെ ബാധ്യതയുണ്ടെന്നും വായ്പ തിരിച്ചടക്കണമെന്ന സർക്കുലർ പലരും കണക്കിലെടുക്കുന്നില്ലായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പാർട്ടി അംഗങ്ങൾ ഇനി വലിയ തുക ലോണെടുക്കുമ്പോൾ ഉപരി കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

ഇപി ജയരാജനും മന്ത്രി സജി ചെറിയാനുമെതിരെ കടുത്ത വിമർശനമാണ് പ്രവർത്തന റിപ്പോർട്ടിലുള്ളത്. മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ ജാഗ്രത വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപി ജയരാജന്‍ സെക്രട്ടറിയേറ്റ് പ്രവർത്തനങ്ങളിൽ നിന്നും മാറി നിന്നത് ഗൗരവതരമാണെന്നും ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവർത്തന വീഴ്ചകളിലാണെന്നും റിപ്പോർട്ടിൽ പരാമർശം, എന്നാൽ ഒറ്റവരി യിൽ മാത്രം ഒതുങ്ങുന്നതായിരുന്നു പരാമർശം.

സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്.