കണ്ണൂർ : കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ സി.പി.എം അക്രമം. മുസ്ലിം ലീഗ് പ്രവർത്തകൻ മുസ്തഫയ്ക്കും കുടുംബത്തുനും നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തിൽ ഒന്നര വയസുള്ള കുട്ടി ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു. അക്രമികൾക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് ആണ് സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകൻ മുസ്തഫയെയും കുടുംബത്തെയും മാരാകായുധങ്ങളുമായി എത്തിയ സംഘം അക്രമിക്കുകയായിരുന്നു. മുസ്തഫയുടെ ഭാര്യ നസീമ, മകനും എം.എസ്.എഫ് മണ്ഡലം പ്രസിഡന്റുമായ മുർഷിദ്, മകൾ മുഫീദ, മുഫീദയുടെ ഒന്നര വയസുള്ള കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.
വീടും വീട്ടിൽ ഉണ്ടായിരുന്ന വാഹനങ്ങളും അക്രമികൾ അടിച്ചുതകർത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് മുർഷിദിന് നേരെ അക്രമം ഉണ്ടാകുന്നത്. പരിക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സന്ദർശിച്ചു. അക്രമികൾക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.