കണ്ണൂരില്‍ ഷുബൈഹ് അനുസ്മരണ പദയാത്രയ്ക്ക് നേരെ സി.പി.എം ആക്രമണം

കണ്ണൂർ : കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഷുഹൈബ് അനുസ്മരണ പദയാത്രയ്ക്ക് നേരെ സി.പി.എം ആക്രമണം. എടയന്നൂരിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് നേരെ പാലയോട് വെച്ച് സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞു. പദയാത്രയില്‍ പങ്കെടുത്ത വിദ്യാർത്ഥികളെ സി.പി.എം പ്രവർത്തകർ കയ്യേറ്റം ചെയ്തു. തുടർന്ന് പൊലീസ് ലാത്തി വീശി.

ഷുഹൈബ് രക്തസാക്ഷിദിനാചരണത്തിന്‍റെ ഭാഗമായാണ് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചത്. ഇതിന് നേരെയാണ് സി.പി.എം ആക്രമണമുണ്ടായത്.

2018 ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേയായിരുന്നു ആക്രമണം. ഷുഹൈബിന്‍റെ കൊലയാളികളെ സി.പി.എം സംരക്ഷിക്കുന്നുവെന്നും ഇടതുസര്‍ക്കാരിന്‍റെ ഭരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐക്ക് വിട്ടു. എന്നാല്‍ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്‍റെ വിധി റദ്ദാക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ നിന്ന് 56 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്നാണ് സംസ്ഥാന സർക്കാർ കേസ് വാദിച്ചത്. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ ഉള്‍പ്പെടെ 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ദില്ലിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് കേസ് വാദിച്ചത്. ഇത് കേസില്‍ സി.പി.എമ്മിനുള്ള പ്രത്യേക താല്‍പര്യം വ്യക്തമാക്കുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ മാസം നാലിന് (2020 ഫെബ്രവരി 4) ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടുന്ന കാര്യത്തിൽ മറുപടി നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. മൂന്ന് ആഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

 

ഷുഹൈബ് കേസ് : നാള്‍വഴി

2018 ഫെബ്രുവരി 12: ഷുഹൈബിനെ വെട്ടിക്കൊന്നു

ഫെബ്രുവരി 18: മുഖ്യപ്രതികളായ ആകാശ് തില്ലങ്കേരി, രജിൻരാജ് എന്നിവർ അറസ്റ്റിൽ

ഫെബ്രുവരി 19: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഫെബ്രുവരി 24: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. നാലു പ്രതികൾ കൂടി അറസ്റ്റിൽ

ഫെബ്രുവരി 27: സി.ബി.ഐ അന്വേഷണത്തിനായി മാതാപിതാക്കൾ ഹർജി നൽകി

മാർച്ച് അഞ്ച്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

മാർച്ച് ഏഴ്: അന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ വിധി

മാർച്ച് 23: സർക്കാരിന്‍റെ അപ്പീലിൽ സിംഗിൾ ബെഞ്ചിന്‍റെ വിധിക്ക് സ്റ്റേ

മേയ് 14: ആദ്യ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചു

ജൂലൈ 27: ഇതിനെതിരെ ഹർജിക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു

2019 ജനുവരി ഒന്ന് : അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

2019 ഒക്ടോബര്‍ 20 : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ ഹർജി നല്‍കി

2020 ഫെബ്രുവരി 4 : കേസ് സി.ബി.ഐക്ക് വിടുന്ന കാര്യത്തിൽ മറുപടി നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

Shuhaib Murder Case
Comments (0)
Add Comment