‘സമുദായസംഘടനകള്‍ പരിധി വിടരുത്’ ; എന്‍എസ്എസിനെ കടന്നാക്രമിച്ച് സിപിഎം

Jaihind Webdesk
Friday, April 16, 2021

തിരുവനന്തപുരം : എന്‍എസ്എസിനും സുകുമാരന്‍ നായർക്കുമെതിരെ സിപിഎം വീണ്ടും. തെരഞ്ഞെടുപ്പ് വേളയിലെ വാക് പോരാട്ടങ്ങള്‍ക്ക് പിന്നാലെയാണ് എന്‍എസ്എസിനെതിരെ സിപിഎം വീണ്ടും രംഗത്തെത്തിയത്. സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണം ഇടതുപക്ഷ വിരുദ്ധമാണെന്നും സമുദായസംഘടനകള്‍ പരിധി വിടരുതെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ആർഎസ്എസിന്‍റെ വാലാകാനാണ് എന്‍എസ്എസ് ശ്രമിക്കുന്നത്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ‘സമുദായ സംഘടനകളും ജനവിധിയും’ എന്ന ലേഖനത്തിലാണ് വിജയരാഘവന്‍റെ കടന്നാക്രമണം. എൻഎസ്എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനെതിരെയും ലേഖനത്തില്‍ വിമർശനമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നെന്ന് പ്രതികരിച്ച സുകുമാരൻ നായർക്കും എൻഎസ്എസിനും എതിരെ ആഞ്ഞടിച്ചാണ് എവിജയരാഘവന്‍റെ ലേഖനം. സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിൽ സുകുമാരൻ നായർ സ്വീകരിച്ച നിലപാടിനൊപ്പം സമുദായാംഗങ്ങൾ ഉണ്ടാകില്ലെന്നും ഇത് വോട്ടെണ്ണി കഴിയുമ്പോൾ മനസിലാകുമെന്നും എ വിജയരാഘവൻ പാർട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിൽ പറയുന്നു.

സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണം. ആർഎസ്എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്‍റെ വാലാകാൻ ശ്രമിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്ന് സുകുമാരൻ നായരെ പോലുള്ള നേതാക്കൾ മനസിലാക്കണം. സമദൂരം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിനൊപ്പം ചേരാൻ എൻഎസ്എസിന് കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എൻഎസ്എസ് നേതൃത്വം സ്വീകരിച്ചത് തെറ്റായ നിലപാടാണ്. തെരഞ്ഞെടുപ്പിൽ സുകുമാരൻ നായർ സ്വീകരിച്ച നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാവില്ലെന്ന് വോട്ടെണ്ണുമ്പോൾ മനസിലാകുമെന്നും ലേഖനത്തിൽ വെല്ലുവിളിക്കുന്നു.

എൻഎസ്എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനെതിരെയും ദേശാഭിമാനിയിലെ ലേഖനത്തിലൂടെ വിമർശനമുന്നയിക്കുന്നു. വിമോചന സമരത്തിൽ പ്രതിലോമ ശക്തികൾക്കൊപ്പം സമുദായ സംഘടനകൾ ചേർന്നെന്നാണ് വിമർശനം. തെരഞ്ഞെടുപ്പ് സമയത്ത് മന്നത്ത് പത്മനാഭനെ പുകഴ്ത്തി ദേശാഭിമാനിയില്‍ ലേഖനം വന്നിരുന്നു എന്നതും ശ്രദ്ധേയമാണ്. സമുദായ സംഘടനകൾ അവരുടെ പരിധിയിൽ നിന്ന് പ്രവർത്തിക്കട്ടെയെന്നും പരിധി വിടുമ്പോഴാണ് പ്രശ്നമെന്നും വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു.