കെ റെയില്‍ സർവ്വേക്കിടെ കയ്യാങ്കളി : പ്രതിഷേധക്കാരെ സിപിഎം പ്രവർത്തകർ അക്രമിച്ചു, മാധ്യമങ്ങളെ കാണരുതെന്നും പാർട്ടിക്കാർ

Jaihind Webdesk
Monday, April 25, 2022

കണ്ണൂർ : കെ റയിൽ സർവ്വെ കല്ല് സ്ഥാപിക്കൽ കണ്ണൂരിൽ ഇന്നും സംഘർഷം. സർവ്വെ കല്ല് സ്ഥാപിക്കുന്നതിന് സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ. കണ്ണൂർ നടാലിൽ കെ.റയിൽ സർച്ചെ കല്ല് സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധിച്ച നാട്ടുകാരെയും, കോൺഗ്രസ് പ്രവർത്തകരെയും കെ റയിൽ വിരുദ്ധ സമരസമിതി പ്രവർത്തകരെയും സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്തു.കെ റയിലിനെ എതിരെ  പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്നും സി പി എം പ്രവർത്തകർ.

ഇന്ന് രാവിലെ നടാലിൽ സ‍ർവേ നടപടികൾ പോലീസ് സംരക്ഷണയിൽ പുരോ​ഗമിക്കുന്നതിനിടെ കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാർ ഉൾപ്പടെയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.പ്രതിഷേധത്തിനിടെ സി പി എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർ സ്ഥലത്ത് സംഘടിച്ച് എത്തുകയും പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. കോൺ​ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കെ റയിൽ സർവ്വെയ്ക്ക് സംരക്ഷണവുമായെത്തിയ സി പി എം പ്രവർത്തകർ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

കോൺ​ഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത രണ്ട് സി പി എം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പൊലീസ് ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സ്ഥലത്ത് കെറയിലിന് എതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെയും നാട്ടുകാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കം ചെയ്തു