പിണറായിസർക്കാരിനെതിരെ ഒടുവിൽ സി.പി.എമ്മും സമരവുമായി രംഗത്ത്. സി.പി.എം.നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ തൊടുപുഴ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരം കൗതുകമായി.
അറക്കുളം പഞ്ചായത്തിലെ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് സി.പി.എം.ആഭിമുഖ്യത്തിൽ തൊടുപുഴ പി.ഡബ്ലിയു.ഓഫീസിന് മുന്നിൽ ഉപരോധസമരം നടത്തിയത്. പിണറായി സർക്കാർ ഭരിക്കുമ്പോൾ.. സിപിഎമ്മുകാരനായ മന്ത്രി പൊതുമരാമത്ത് വകുപ്പ് ഭരിക്കുമ്പോഴാണ് റോഡ് നന്നാക്കാത്തതിന് സമരവുമായി സിപിഎം തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. തകർന്ന റോഡുകൾ നന്നാക്കാത്ത സർക്കാരിനെതിരെ നാട്ടുകാർ സമരവുമായി രംഗത്തെത്തിയപ്പോഴാണ് ഉദ്യോഗസ്ഥരാണ് കാരണക്കാർ എന്ന വാദവുമായിട്ട് സി.പി.എം. സമരം.
സർക്കാരിന്‍റെ മിക്ക വകുപ്പുകളിലും ഇതാണ് സ്ഥിതിയെന്നാണ് സമരം ഉൽഘാടനം ചെയ്ത ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.മത്തായി പറയുന്നത്.
ഇവിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയുള്ള ധർണ്ണയിൽ തന്നെ തൃപ്പൂണിത്തുറയിൽ മേൽപ്പാലം നിർമാണ തകരാർ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുൻ സർക്കാർ രക്ഷപെടാൻ ശ്രമിക്കുന്നു എന്നും എന്ന വിചിത്ര വാദവും ഉയർത്തി. സി.പി.എമ്മിന്‍റെ രണ്ടു ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും രണ്ട് ഏരിയ സെക്രട്ടറിമാരും പങ്കെടുത്ത ധർണ്ണയിൽ ജന പങ്കാളിത്തം പരിമിതമായിരുന്നു.