സി.എം രവീന്ദ്രനെ സിപിഎം കൈവിടുന്നു ; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒഴിവാക്കിയേക്കും

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യംചെയ്യലിനു വിളിപ്പിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ സിപിഎം കൈവിടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒഴിവാക്കുമെന്നും സൂചന.  രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ വൈകുന്നതിനെതിരെ സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം ഉയർന്നതിനെ തുടർന്നാണ് നീക്കം. ചോദ്യംചെയ്യലിൽ നിന്നും മാറിനിൽക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും വിമർശനം.

രവീന്ദ്രനെ ചോദ്യംചെയ്യുന്നതില്‍ പാര്‍ട്ടിക്ക്‌ എതിര്‍പ്പില്ലെന്നു സംസ്‌ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ യോഗത്തില്‍ വിശദീകരിച്ചു. തെറ്റ്‌ ചെയ്‌തവരെ സംരക്ഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍  സംസ്ഥാന സെക്രട്ടേറിയറ്റില്‍ നേതാക്കള്‍ കടുത്ത നിലപാടെടുത്തതോടെയാണ് രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന്‌ ഒഴിവാക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. ആരോഗ്യകാരണങ്ങളാല്‍ അവധി അനുവദിക്കാനാണ് നീക്കം.

അതേസമയം വൈകിയാലും രവീന്ദ്രനെ കേന്ദ്ര ഏജന്‍സി ചോദ്യംചെയ്യുമെന്നും സിപിഎം വിലയിരുത്തി. അന്വേഷണ ഏജന്‍സിക്കു മുന്നില്‍ രവീന്ദ്രന്‍ ഹാജരാകണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. മകന്‍ കേസില്‍പ്പെട്ടതിനേത്തുടര്‍ന്നു സംസ്‌ഥാന സെക്രട്ടറിയെ മാറ്റിനിര്‍ത്താമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു രവീന്ദ്രനെയും ഒഴിവാക്കാമെന്നു മുതിര്‍ന്ന നേതാക്കാള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

മുൻപു രണ്ട് തവണം ചോദ്യംചെയ്യലിന് ഇഡി നോട്ടിസ് അയച്ചിട്ടും രവീന്ദ്രൻ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ഈ മാസം 6നു ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ തലേ ദിവസം  കൊവിഡ് സ്ഥിരീകരിച്ച് രവീന്ദ്രൻ ചികിത്സ തേടി. 10 ദിവസം കഴിഞ്ഞ് നെഗറ്റീവായതോടെ ഇന്നലെ ഹാജരാകാൻ നോട്ടിസ് നൽകി. എന്നാൽ കൊവിഡാനന്തര ചികിത്സകള്‍ക്കെന്ന പേരില്‍ രവീന്ദ്രൻ ബുധനാഴ്ച വൈകിട്ട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സ തേടി.  തുടർന്ന്  സ്കാൻ, എക്സ്റേ പരിശോധനകളിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയതോടെയാണു ഡിസ്ചാർജായത്.

ആശുപത്രി വിട്ടതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ ചോദ്യംചെയ്യൽ ഉടനുണ്ടാകും. ഇതിനിടെ വടകരയിൽ രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന 6 സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി. രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. ബെനാമി ബന്ധം അന്വേഷിക്കാൻ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്.

 

Comments (0)
Add Comment