യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

Jaihind News Bureau
Saturday, October 17, 2020

വിതുര : ജോലി കഴിഞ്ഞു വീട്ടിലേക്ക് പോയ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സിപിഎം പ്രവർത്തകനെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര മരുതാമല മക്കി സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പ്രിൻസ് മോഹനനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്.

വിതുര മരുതാമാല ജേഴ്സിഫാമിലെ ജീവനക്കാരിയും വിവാഹിതയും ആയ യുവതി ഫാമിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ വച്ചാണ് ഫാമിലെ ഡ്രൈവറായ പ്രതി സമീപത്തുള്ള ഇയാളുടെ സ്വകാര്യ ഫാമിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവത്തിനുശേഷം പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പ്രതി യുവതിയെ നിരവധിതവണ പീഡിപ്പിച്ചിരുന്നു. തുടർന്ന് ഗർഭിണിയായ യുവതിയെ അബോർഷൻ നടത്താൻ പ്രതി പലതവണ നിർബന്ധിക്കുകയും വിസമ്മതിച്ച യുവതിക്ക് മറ്റൊരു അസുഖം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മരുന്ന് നൽകി ഗർഭം അലസിപ്പിച്ചതായും വിതുര പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇത്‌ കൂടാതെ പീഡനദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ പ്രിൻസ് മോഹൻ യുവതിയിൽ നിന്നും വാങ്ങിയതായും പരാതിയുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടന്ന അന്വേഷണത്തിലാണ് വിതുര പൊലീസ് പ്രതിയെ പിടികൂടിയത്. വിതുര സി.ഐ എസ്.ശ്രീജിത്ത്, എസ് ഐ എസ്.എൽ സുധീഷ്, എ.എസ്.ഐ അബ്ദുൽ കലാം, എസ് സി പി ഒ പ്രദീപ്, അഭിലാഷ്, സി.പി.ഒ ശരത്ത്, നിധിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡന വിവരം പുറത്തായതോടെ സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് വിഷയം ഒതുക്കിത്തീർക്കാൻ തീവ്ര ശ്രമം നടത്തി. പരാതിയിൽ യുവതി ഉറച്ചു നിന്നതോടെ സിപിഎം ശ്രമം വിഫലമായി.

രണ്ട് മാസം മുൻപ് പൂട്ടിക്കിടക്കുന്ന ബോണക്കാട് എസ്റ്റേറ്റിലെ തേയില ഫാക്ടറിയിൽ നിന്നും 2 ലക്ഷത്തോളം രൂപയുടെ യന്ത്ര സാമഗ്രികൾ മോഷണം ചെയ്ത കേസിലെ പ്രതിയായിരുന്നു പ്രിൻസ് മോഹൻ. തൊണ്ടി മുതൽ ഉൾപ്പെടെ പോലീസ് പിടികൂടിയിട്ടും സിപിഎം നേതാക്കളുടെ ഇടപെടലിൽ അറസ്റ്റ് ഉൾപ്പെടെ നടത്താതെ കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നു വരികയായിരുന്നു. സിപിഎം പ്രവർത്തകനെന്ന മാനദണ്ഡം മാത്രം പരിഗണിച്ചു മരുതാമാല ജേഴ്‌സി ഫാമിൽ അനധികൃതമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ വി.കെ.മധുവിന്‍റെ ഡ്രൈവറായും ഇയാൾ ജോലി ചെയ്തിരുന്നു. ഇതുൾപ്പടെ പത്തോളം കേസുകളാണ് പ്രിൻസിന്‍റെ പേരിൽ വിതുര പോലീസ് സ്റ്റേഷനിൽ നിലവിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ അടക്കമുള്ള ഉന്നതരുമായുള്ള അടുത്ത ബന്ധം വച്ചാണ് പലതിലും ഇയാൾ രക്ഷപ്പെട്ടു പോന്നിരുന്നത്.