സ്വര്‍ണ്ണപണിക്കാരനില്‍ നിന്നും 46 ലക്ഷം തട്ടിയ സംഭവം ; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി സിപിഎം തടിയൂരല്‍

Jaihind Webdesk
Monday, July 19, 2021

കോഴിക്കോട് : വടകരയില്‍ സ്വര്‍ണ്ണപണിക്കാരനെ ആക്രമിച്ച് 46 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഡിവൈഎഫ്ഐ നേതാവ് സി.കെ നിജേഷിനെ സിപിഎം പുറത്താക്കി. നിജേഷിനെക്കൂടി പ്രതിയാക്കി പൊലീസ് അന്വേഷണം പുനരാരംഭിച്ചേക്കും. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും രാഷ്ട്രീയ സമര്‍ദ്ദം കാരണം കേസ് അവസാനിപ്പിക്കുകയായിരുന്നു.

കല്ലാച്ചി സ്വദേശി രാജേന്ദ്രനാണ് പണം നഷ്ടപ്പെട്ടത്.  പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊയിലാണ്ടി പൊലീസ് അന്വേഷിക്കുന്ന അഖിലും ഡിവൈഎഫ്ഐ കല്ലാച്ചി മേഖല സെക്രട്ടറിയായിരുന്ന സി.കെ.നിജേഷും ചേര്‍ന്നാണ് രണ്ടുകിലോ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പരിചയക്കാരന്‍ കൂടിയായ രാജേന്ദ്രനെ കബളിപ്പിച്ചത്.

അഖിലുള്‍പ്പടെ പിടിയിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. പക്ഷേ പലതവണ പരാതി നല്‍കിയിട്ടും നിജേഷിനെതിരെ പൊലീസ് കേസെടുക്കാന്‍ തയാറായില്ല. പൊലീസ് ഒത്തുകളിക്കുകയാണെന്ന് ബോധ്യമായതോടെ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കടം തന്നവര്‍ ആകെയുള്ള വീടും പറമ്പും ഏതുസമയവും കൊണ്ടുപോകും. ആത്മഹത്യയുടെ വക്കിലാണ് രാജേന്ദ്രന്‍.