കൊല്ലാനാണ് തീരുമാനമെങ്കില്‍ സഖ്യം ചേരാനാണ് സിപിഎം തീരുമാനം ; അഭിമന്യുവിന്‍റെ ചരമ വാർഷികത്തില്‍ കൊലയാളികളായ എസ്ഡിപിഐ ക്കൊപ്പം സിപിഎം സഖ്യം

അഭിമന്യുവിന്‍റെ മൂന്നാം ചരമദിനം ആചരിക്കുമ്പോഴും പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐ യുമായിട്ട് സിപിഎം സഖ്യം. പത്തനംതിട്ട കോട്ടാങ്കല്‍ പഞ്ചായത്തിലാണ് എസ്ഡിപിഐയുടെ പിന്തുണ നേടി സിപിഎമ്മിന്‍റെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പഞ്ചായത്ത് ഭരിക്കുന്നത്.  എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി ആയിരുന്ന അഭിമന്യുവിന്‍റെ കൊലപാതകം എസ്ഡിപിഐ  ആസൂത്രിതമായി ചെയ്തതാണെന്ന്  ആദ്യം പ്രസ്താവിച്ചത് സിപിഎം തന്നെയായിരുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ ഒരേ സമയം വർഗീയതയ്ക്കെതിരെ സംസാരിക്കാനും അതേസമയം വർഗീയ കക്ഷികളോട് സഖ്യം ചേരാനും സിപിഎമ്മിന് ഒരു മടിയുമില്ല .

ഈ വിഷയത്തില്‍ എസ്എഫ്ഐ യും ഡിവൈഎഫ്ഐ യും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അത് കണക്കിലെടുക്കാതെ  ഭരണത്തിന് വേണ്ടി സിപിഎം സഖ്യത്തിന് എസ്ഡിപ്ഐ യെ ക്ഷണിക്കുകയായിരുന്നു. സഖ്യത്തില്‍ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഇടപെടണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടങ്കിലും പഞ്ചായത്ത് ഭരണം നഷ്ടമാകാതിരിക്കാന്‍ സിപിഎം വിട്ടുവീഴച്ച ചെയ്യുകയായിരുന്നു.  അഭിമന്യു കൊലപാതകത്തിലെ നാലാം പ്രതി ഫാറൂഖിന്‍റെ പഞ്ചായത്ത് കൂടിയാണ് കോട്ടാങ്കല്‍.

പത്തനംതിട്ട നഗരസഭാ ഭരണത്തിനെതിരേയും ഇതേ സഖ്യആരോപണം ഉയർന്നിരുന്നു. എന്നാല്‍ പാർട്ടിക്കുള്ളില്‍ ഇത് ചോദ്യം ചെയ്ത യുവജന നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി പാർട്ടി ഉത്തരം നല്‍കി. അഭിമന്യുവിന്‍റെ പേരില്‍ പാർട്ടി കോടികള്‍ ബക്കറ്റ് പിരിവ് നടത്തി  25 ലക്ഷം രൂപയുടെ വീട് കുടുബത്തിന് നല്‍കുകയും  ബാക്കി പണം പാർട്ടി ഫണ്ടിലേക്ക് വകമാറ്റുകയും ചെയ്തതായി ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്നും പാർട്ടിക്ക് വേണ്ടി വേദികളില്‍ നിറകണ്ണുകളുമായി നില്‍ക്കുന്ന അഭിമന്യുവിന്‍റെ മാതാപിതാക്കളോടെങ്കിലും പാർട്ടി നീതി പുലർത്തണമെന്നാണ് സാധാരണ പ്രവർത്തകർക്കിടെയിലെ വികാരം.

 

Comments (0)
Add Comment