പ്രകൃതി വിരുദ്ധ പീഡനം: സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Jaihind Webdesk
Sunday, January 20, 2019

പ്രകൃതി വിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സി പി എം ഏരിയാ കമ്മറ്റി അംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി. സി പി എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഫാറൂഖ് ഷിറിയയെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി തീരുമാനിച്ചത്.

മുമ്പ് പ്രകൃതി വിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എഫ് ഐ ആറില്‍ പ്രതിചേര്‍ക്കപ്പെട്ട പാര്‍ട്ടി നേതാവിനെ പ്രതി പട്ടികയില്‍ നിന്നും പോലീസ് ഒഴിവാക്കിയിരുന്നുവെങ്കിലും പാര്‍ട്ടിക്ക് ലഭിച്ച പരാതിയെതുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിക്കുകയും കെ വി കുഞ്ഞിരാമന്‍, രഘുദേവന്‍ മാസ്റ്റര്‍ എന്നിവരെ അന്വേഷണ കമ്മീഷനായി നിയമിക്കുകയുമായിരുന്നു.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. പീഡനത്തിനിരയായ കൗമാരക്കാരന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടും ഏരിയ കമ്മറ്റി അംഗത്തെ അറസ്റ്റ് ചെയ്യാതെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ആരോപണമുയര്‍ന്നിരുന്നു.