തോല്‍വിക്ക് കാരണം സൈബര്‍ പോരാളികളും ട്രോളന്‍മാരും; സമൂഹ മാധ്യമങ്ങളിലെ നവ കമ്മ്യൂണിസ്റ്റുകാരെ കൊണ്ട് പൊറുതിമുട്ടി വിപ്ലവപാര്‍ട്ടി; ശൈലീമാറ്റത്തിന് ഒരുക്കം

Jaihind Webdesk
Monday, May 27, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിക്കുള്ള കാരണം അന്വേഷിക്കുകയാണ് സി.പി.എം പാര്‍ട്ടി. സെക്രട്ടറിയേറ്റ് കൂടിയും പി.ബിയും കൂടിയും ശബരിമലയാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സമ്മതിക്കുന്ന മട്ടില്ല. തുടര്‍ന്നാണ് മറ്റ് കാരണങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചത്. എത്തിപ്പെട്ടത് സൈബര്‍ പോരാളികളിലും ട്രോളന്‍മാരിലും. അഭിനവ കമ്മ്യൂണിസ്റ്റുകാര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ ദോഷം ചെയ്യുന്നതായാണ് പാര്‍ട്ടിയുടെ പുതിയ വിലയിരുത്തല്‍. ശബരിമല യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സൈബര്‍ പോരാളികളും ട്രോളന്‍മാരും കാണിച്ച അമിതാവേശം പാര്‍ട്ടിയില്‍നിന്ന് വലിയൊരു വിഭാഗം അകലുന്നതിനു കാരണമായി. സി.പി.എമ്മിനെ പിന്തുണയ്ക്കുന്നതരത്തിലുള്ള പല പോസ്റ്റുകളും ട്രോളുകളും മതവിദ്വേഷത്തിലേക്കും വിശ്വാസികളെ അകറ്റുന്നതിലേക്കും നയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ ഇടപെടലില്‍ ശൈലീമാറ്റത്തിന് ഒരുങ്ങുകയാണ് പാര്‍ട്ടി.

മോദിയുടെ പി.ആര്‍ വര്‍ക്കിന്റെ ഭാഗമായാണ് ആദ്യം ദേശിയതലത്തില്‍ സംഘപരിവാര്‍ സൈബറിടങ്ങള്‍ സജീവമാകുന്നത് പിന്നീട് ഇത് കേരളത്തിലേക്കും സംഘ്പരിവാര്‍ ആശയങ്ങള്‍ സൈബറിടങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്ന് ഇതിനെ അനുകരിച്ചാണ് കേരളത്തിലും സി.പി.എമ്മിന്റെ സൈബറിടങ്ങള്‍ സജീവമായത്. എന്നാല്‍ പോരാളി ഷാജിമുതല്‍ ചില കോളേജ് അധ്യാപകര്‍ വരെ സി.പി.എമ്മിന്റെ തെറ്റുകളെയും പരാജയങ്ങളെയും അന്യായമായി ന്യായീകരിക്കാന്‍ തുടങ്ങിയതോടെ പൊതുസമൂഹത്തില്‍ ഇവര്‍ പരിഹാസ്യരാവുകയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുകയുമായിരുന്നു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള അക്കൗണ്ടുകള്‍ക്ക് പുറമേ ഏരിയാ തലത്തിലും ബ്രാഞ്ച് തലത്തിലും പാര്‍ട്ടിക്ക് ഫേസ്ബുക്കില്‍ സി.പി.എം അനുകൂല പേജുകള്‍ നിലവില്‍വന്നു. ബഹുഭൂരിപക്ഷം സൈബര്‍ പോരാളികളും സി.പി.എം നേതാക്കളുടെയും പാര്‍ട്ടി ചിഹ്നവും ഉപയോഗിച്ചായിരുന്നു ഫേസ്ബുക്കില്‍ സജീമായത്. വ്യക്തികളുടെ അക്കൗണ്ടായതിനാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിന്ത്രണത്തിനു പുറത്തായിരുന്നു അക്കൗണ്ടുകളിലെ ഉള്ളടക്കം.

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സിപിഎം സൈബര്‍ പോരാളികളെന്ന് അവകാശപ്പെട്ടവര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ തരംതാണ രീതിയിലുള്ള അവഹേളനങ്ങളിലേക്കും മതിവിദ്വേഷത്തിലേക്കും കടന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടെന്ന പേരില്‍ അവഹേളനങ്ങള്‍ തുടര്‍ന്നപ്പോള്‍ സിപിഎമ്മിനു പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍ സോഷ്യല്‍മീഡിയകാരണവും ചോര്‍ന്നെന്നാണ് വിലയിരുത്തല്‍. സിപിഎമ്മിനുള്ളിലെ വിശ്വാസികളും സ്ത്രീകളും മാറിചിന്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം അനുഭാവികള്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുടങ്ങി പ്രചാരണം ശക്തമാക്കിയിരുന്നു.

എന്നാല്‍ പ്രചാരണം വ്യക്തിഹത്യയിലേക്കു നീങ്ങിയതോടെ തിരിച്ചടി നേരിട്ടെന്നാണു നേതൃത്വം കരുതുന്നത്. ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള സമൂഹമാധ്യമ നീക്കമായിരുന്നു ഉദാഹരണമായി കാണിക്കുന്നത്. രമ്യഹരിദാസിന്റെ പാട്ടുപാടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തെ കളിയാക്കിയും അതുവഴി വ്യക്തിഹത്യയും നടത്തിയതും. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ എന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയും ഒരേപോലെ സി.പി.എമ്മിനെ ജനങ്ങളില്‍ നിന്ന് അകറ്റി. സൈബര്‍ പോരാളികള്‍ പ്രസ്താവെകളെ ന്യായീകരിച്ചത് രമ്യയെ വ്യക്തിപരമായി ആക്ഷേപിച്ചായിരുന്നു. ഇതെല്ലാം മണ്ഡലത്തില്‍ തിരിച്ചടിയായെന്നാണ് പാര്‍ട്ടി കരുതുന്നത്.