‘നന്ദിഗ്രാം പാഠമാകണം, കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നല്‍കണം’; സില്‍വർലൈനില്‍ അതൃപ്തി അറിയിച്ച് ബംഗാള്‍ ഘടകം

Jaihind Webdesk
Thursday, April 7, 2022

 

കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസിൽ സിൽവർലൈൻ പദ്ധതിക്കെതിരെ അതൃപ്തി അറിയിച്ച് ബംഗാൾ ഘടകം. കേന്ദ്ര നേതൃത്വം കേരള ഘടകത്തിന് മുന്നറിയിപ്പ് നൽകണം. നന്ദിഗ്രാം ഒരു പാഠമാകണമെന്നും പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാൾ ഘടകം ആവശ്യപ്പെട്ടു.

അതിവേഗ റെയിൽ പദ്ധതിയും സിൽവർലൈനും പാർട്ടി കോൺഗ്രസിൽ ചർച്ച ആവില്ലെന്നായിരുന്നു സിപിഎം നേതാക്കൾ പാർട്ടി കോൺഗ്രസിന് മുമ്പ് പ്രഖ്യാപിച്ചത്. കെ റെയിൽ പിന്നീട് ചർച്ച ചെയ്യുമെന്നായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. കെ റയിൽ ചർച്ച ചെയ്യാനല്ല പാർട്ടി കോൺഗ്രസ്‌ ചേരുന്നത് എന്നാണ് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും പറഞ്ഞത്. എന്നാൽ പാർട്ടി കോൺഗ്രസിന്‍റെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചു. പദ്ധതി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.

അതേസമയം സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകണം എന്നാണ് ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം. നന്ദിഗ്രാം തിരിച്ചടി പാർട്ടി മറക്കരുത്. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുത്. ഇക്കാര്യത്തിൽ പാർട്ടി വലിയ രീതിയിലുള്ള ചർച്ച നടത്തണമെന്നാണ് ബംഗാൾ നേതാക്കളുടെ അഭിപ്രായം. അതിവേഗ റെയിൽപ്പാത വിഷയത്തിൽ കേരള ഘടകത്തിൽ നിന്ന് വ്യത്യസ്ത അഭിപ്രായമാണ് ബംഗാൾ ഘടകത്തിന്‍റേത്. അതുകൊണ്ടുതന്നെ കെ റെയിൽ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ പാർട്ടി കോൺഗ്രസിൽ ഉയർന്നുവരാന്‍ സാധ്യതയുണ്ട്. കെ റെയിൽ പദ്ധതി അതിവേഗ റെയിൽ പദ്ധതി അല്ലെന്ന അഭിപ്രായവും ചില സിപിഎം നേതാക്കൾക്കുണ്ട്.